16
Jan 2025
Sat
16 Jan 2025 Sat
P. Jayachandran's funeral held

കൊച്ചി: മലയാളികളുടെ പ്രിയഭാവഗായകന് കേരളം യാത്രാമൊഴി നല്‍കി. പറവൂര്‍ പാലിയത്തെ തറവാട്ടു ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയാണ് പി. ജയചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. മകന്‍ ദിനനാഥാന്‍ ചിതയ്ക്ക് തീ കൊളുത്തി. പ്രിയഗായകനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും തുടര്‍ന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലും പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു സംസ്‌കാരം. തുടര്‍ന്ന് മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടില്‍ എത്തിച്ചു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് അപാര്‍ട്‌മെന്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടോടെയാണ് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചത്. പത്തര മുതല്‍ പകല്‍ ഒന്നുവരെ സംഗീതനാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആര്‍ ബിന്ദുവും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും പുഷ്പചക്രം അര്‍പ്പിച്ചു.

മന്ത്രി എ കെ ശശീന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, നടന്‍ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, പ്രിയനന്ദനന്‍, ഔസേപ്പച്ചന്‍, വിദ്യാധരന്‍, ഷിബു ചക്രവര്‍ത്തി, ബാലചന്ദ്ര മേനോന്‍, മനോജ് കെ ജയന്‍, എം ജി ശ്രീകുമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായി 1944 മാര്‍ച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം.

പൂങ്കുന്നത്തെ വസതിയിലും സംഗീതനാടക അക്കാദമിയിലും അവസാനമായി ഒരുനോക്കു കാണാന്‍ നല്ല തിരക്കുണ്ടായി. കലാമണ്ഡലം ഗോപി രാവിലെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സഹോദരനെ നഷ്ടപ്പെട്ട വേദനയെന്നു ഗായകന്‍ യേശുദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

P. Jayachandran’s funeral held