പാലക്കാട്: സിപിഎം സംസ്ഥാനസമിതി അംഗം പി. ജയരാജന്‍ രചിച്ച രണ്ട് പുസ്തകങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം പ്രകാശനം ചെയ്യും.(P JAYARAJAN BOOK RELEASE: SDPI AND JAMAATH-E-ISLAMI IN KERALA POLITICS) കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ‘കേരളം, മുസ്ലിം രാഷ്ട്രീയം- രാഷ്ട്രീയ ഇസ്ലാം’, ‘ഗുരുവിനെ മറക്കുന്ന കേരളം’ എന്നിവയാണ് പ്രകാശനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
|
മുസ്ലിം സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകളാണ് പുസ്തകത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.
ജയരാജന്റെ പുസ്തകം കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമാകാനാണ് സാധ്യത. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകളെകുറിച്ചുള്ള പി ജയരാജന്റെ പഠനമാണ് പുസ്‌കം.
”മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇസ്ലാമിനെ തുറന്നെതിര്‍ക്കുന്ന നിലപാടായിരുന്നു മുസ്ലിം ലീഗിന്. എന്നാല്‍, പിന്നീട് ഇരു സംഘടനകളും തമ്മില്‍ യോജിപ്പിലെത്തി. ഇപ്പോള്‍ മുസ്ലിം ലീഗിന്റെ അജണ്ട നിര്‍ണയിക്കുന്നത് ജമാഅത്ത് ബുദ്ധിജീവികളാണ്”- പുസ്തകത്തെക്കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കവേ ജയരാജന്‍ പറഞ്ഞു.
ALSO READ: ആര്‍എസ്എസ് ദേശീയനേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി; പോയത് നേതാവിന്റെ കാറില്‍
എം കെ മുനീര്‍, കെ എം ഷാജി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുടെ കടുത്ത വിമര്‍ശകരായിരുന്നു. ജമാഅത്തിന്റെ ആശയങ്ങള്‍ തുറന്നുകാട്ടുന്ന ജമാഅത്തെ ഇസ്ലാമി അകവും പുറവും എന്ന പുസ്തകം എഴുതിയിട്ടുള്ള ആളാണ് എം കെ മുനീര്‍. ഐഎസ് ആശയങ്ങള്‍ക്ക് പ്രചോദനമായത് ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവ് സയ്യിദ് അബുല്‍ അഅലാ മൗദൂദിയുടെ ആശയങ്ങളാണ് എന്ന അഭിപ്രായക്കാരനാണ് ഷാജി.
നേരത്തേ ഇടുതപക്ഷത്തോടൊപ്പം നിന്നിരുന്ന ജമാഅത്ത് 2019ലെ തിരഞ്ഞെടുപ്പ് മുതലാണ് ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫിനെ പരസ്യമായി പിന്തുണച്ചു തുടങ്ങിയത്. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പല സ്ഥലങ്ങളിലും യുഡിഎഫ് ജമാഅത്തുമായി കൈകോര്‍ത്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയത് ജമാഅത്തിന്റെയും എസ്ഡിപിഐയുടെയും പിന്തുണയോട് കൂടിയാണെന്ന് സിപിഎം ആരോപിക്കുന്നു.
മുസ്ലിം ലീഗിന്റെ മുസ്ലിം രാഷ്ട്രീയവും ജമാഅത്തിന്റെ രാഷ്ട്രീയ ഇസ്ലാമും തമ്മിലുള്ള വൈരുധ്യങ്ങള്‍ ജയരാജന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. മലബാര്‍ കലാപത്തിന് പിന്നാലെയുള്ള കേരളത്തിലെ 100 വര്‍ഷത്തെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചും പുസ്തകം വിശദമായി പരിശോധിക്കുന്നുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ നേടാന്‍ സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന ആരോപണം നിലനില്‍ക്കെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് ജയരാജന്‍ എന്താണ് എഴുതുന്നതെന്ന് അറിയാന്‍ പാര്‍ട്ടിയും ഉറ്റുനോക്കുന്നു.
തീവ്രനിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി മുസ്ലിം ലീഗ് സഹകരിക്കുന്നത് തുറന്നുകാട്ടണം എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ജയരാജന്‍ പുസ്തകത്തില്‍ എന്താണ് അവതരിപ്പിക്കുന്നതെന്നാണ് അറിയാനുള്ളത്.
ALSO WATCH





