01
Jul 2023
Wed
01 Jul 2023 Wed

പാലക്കാട്: ചെര്‍പ്പുളശ്ശേരി തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നതില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്. വരന്‍ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്‍ (32), പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് എസ്.എച്ച്.ഒ ടി. ശശികുമാര്‍ പറഞ്ഞു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണ്ണാര്‍ക്കാട്ടെ പതിനേഴുകാരിയെ മണികണ്ഠന്‍ വിവാഹം കഴിച്ചെന്നാണ് കേസ്. ജൂണ്‍ 29ന് നൂറോളം ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ആചാരപ്രകാരം വിവാഹം നടന്നത്. വിവാഹശേഷം ക്ഷേത്രപരിസരത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സത്കാരത്തിലും ബന്ധുക്കളും പ്രദേശവാസികളും പങ്കെടുക്കുകയും ചെയ്തിരുന്നു.

ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന്, വനിതാശിശുക്ഷേമവകുപ്പിനുകീഴിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ഊട്ടിയില്‍ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍നിന്നു ജനനത്തീയതി കണ്ടെത്തി വയസ് നിര്‍ണയിക്കാന്‍ പോലീസ് ശ്രമംതുടങ്ങി.

അതേസമയം, ക്ഷേത്രസന്നിധിയില്‍ വിവാഹം നടത്തുന്നതിനായി വഴിപാട് കൗണ്ടറില്‍ 250 രൂപ അടച്ച് ചീട്ടാക്കിയിരുന്നെന്നും ക്ഷേത്രത്തില്‍ വിവാഹിതരായെന്ന സാക്ഷ്യപത്രം നല്‍കിയിട്ടില്ലെന്നും തൂത ദേവസ്വം അധികൃതര്‍ പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിവാഹം ചീട്ടാക്കുമ്പോള്‍ രസീതില്‍ വയസ്സു രേഖപ്പെടുത്താറില്ല. ക്ഷേത്രത്തില്‍ സൂക്ഷിക്കുന്ന വിവാഹരജിസ്റ്ററില്‍ വയസ്സു രേഖപ്പെടുത്തിയതിനുശേഷമേ സാക്ഷ്യപത്രം നല്‍കൂ എന്നുമാണ് ദേവസ്വം അധികൃതരുടെ പ്രതികരണം.