പാലക്കാട്: പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രതികള്‍ രാം നാരായണനെ ക്രൂരമായി മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്റെ മുതുകിലും മുഖത്തും ഇവര്‍ ചവിട്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
|
ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി)മാണ് കേസ് അന്വേഷിക്കുന്നതെന്ന് പാലക്കാട് എസ്പി അറിയിച്ചു. പ്രതികള്‍ നേരത്തേ പല കുറ്റകൃത്യങ്ങളിലും പങ്കെടുത്തിട്ടുള്ളവരാണെന്നും എസ്പി അറിയിച്ചു.
നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണം’, മുഖ്യമന്ത്രി പറഞ്ഞു.
രാംനാരായണന്റെ കുടുംബവുമായി മന്ത്രി ചര്‍ച്ച നടത്തും
രാംനാരായണന്റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജന്‍ ഇന്ന് ചര്‍ച്ച നടത്തും. കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായായിരിക്കും ചര്‍ച്ച നടത്തുക. മന്ത്രി നേരിട്ട് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല്‍ ഇന്നലെ മോര്‍ച്ചറിക്ക് മുന്നില്‍ നടത്തിവന്നിരുന്ന പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. അടിയന്തര നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായിട്ടില്ല.
വിവരങ്ങള്‍ തേടി ഛത്തീസ്ഗഡ്
ആള്‍ക്കൂട്ട കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍. ഛത്തീസ്ഗഡ് സക്തി ജില്ലാകലക്ടറാണ് വിവരങ്ങള്‍ തേടി പാലക്കാട് ജില്ലാകലക്ടറെ സമീപിച്ചത്. ദലിത് കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ടതെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പങ്ക്
കൊലപാതകത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ അതിഥി തൊഴിലാളിയെ മര്‍ദിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ ചുമതലയേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അതേസമയം ആക്രമണത്തില്‍ 15 പേര്‍ പങ്കാളികളെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ നാടുവിട്ടെന്നും സൂചന. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്നത് വാളയാര്‍ പൊലീസാണെങ്കിലും ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് പൂര്‍ണ തോതില്‍ അന്വേഷണം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തി.


