പ്രമുഖ പലസ്തീനിയന്‍ പണ്ഡിതനും, എഴുത്തുകാരനും, കവിയുമായ ഉമര്‍ ഹര്‍ബ് കടുത്ത പോഷകാഹാരക്കുറവ് മൂലം വ്യാഴാഴ്ച അന്തരിച്ചു. ഇസ്രായേലിന്റെ ഗാസ മുനമ്പിലെ ഉപരോധവും, ക്ഷാമവും കാരണം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം.
|
അല്‍-യൗം അല്‍-സാബിയയുടെ റിപ്പോര്‍ട്ടനുസരിച്ച്, നേരത്തെ തന്നെ കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം ഇസ്രായേലിന്റെ ഉപരോധവും, പോഷകാഹാരക്കുറവും വൈദ്യസഹായത്തിന്റെ അഭാവവും മൂലം ഗുരുതരമായി വഷളായിരുന്നു.
ഗസയിലെ പലസ്തീന്‍കാരെ പലായനത്തിന് നിര്‍ബന്ധിക്കാന്‍ ഇസ്രായേല്‍ പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെ, ഒരു താല്‍ക്കാലിക ടെന്റില്‍ വെച്ച് ഡോക്ടര്‍ ഉമര്‍ മരിച്ചത്.
യുദ്ധത്തില്‍ അദ്ദേഹത്തിന്റെ 26 കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും, കുടുംബത്തിന്റെ അഞ്ച് വീടുകള്‍ ഇസ്രായേല്‍ അധിനിവേശം നശിപ്പിക്കുകയും ചെയ്തിരുന്നു.
ALSO READ: ‘എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല, സോറി പപ്പാ…’; എംബിബിഎസ് വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
2023 ഒക്ടോബറിന് മുമ്പ് ഏകദേശം 120 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഹര്‍ബിന്, അദ്ദേഹം അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍40 കിലോഗ്രാമില്‍ താഴെ മാത്രമായിരുന്നു ഭാരം.
”എന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ എന്നെ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു”- അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
”എന്തുകൊണ്ടാണ് ഞങ്ങള്‍ ഈ അവസ്ഥയില്‍ എത്തിയതെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ല. ആളുകള്‍ കഷ്ടപ്പെടുന്നു, ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ദൈവ സഹായത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
ഭക്ഷണവും, മരുന്നും, ചികിത്സയും, ഒരു പുതിയ വീല്‍ചെയര്‍ പോലും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു, എന്നാല്‍ അതൊന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ സമയത്തിന് ലഭിച്ചില്ല.
സൈക്കോളജിയില്‍ നിരവധി ബിരുദങ്ങളും ഈജിപ്തിലെ പ്രശസ്തമായ അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഹര്‍ബ്, ഗസയിലെ ഇസ്രായേലിന്റെ ആക്രമണം ആരംഭിക്കുന്നതുവരെ തന്റെ മേഖലയില്‍ സജീവമായിരുന്നു, പതിവായി പ്രാദേശിക പരിപാടികളില്‍ പങ്കെടുത്തിരുന്നു.
ഇസ്രായേലി ഉപരോധത്തില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കി ഹര്‍ബ് അവരെ സഹായിച്ചിരുന്നു.
”പണ്ഡിതഹത്യ”യുടെ (”scholaside’) ഭാഗമായാണ് അദ്ദേഹത്തിന്റെ മരണം ചിലര്‍ വിശേഷിപ്പിച്ചത്, ”ഗാസയിലെ ഏറ്റവും പ്രഗത്ഭരായ പ്രതിഭകളും ഭാവി നേതാക്കളും ഓരോ ദിവസവും നിര്‍ബന്ധിതമായി പട്ടിണി കിടന്ന് മരിക്കുകയാണ്. ഇതാണ് വംശഹത്യയുടെ യഥാര്‍ത്ഥ രൂപം,” അമേരിക്കന്‍ മുസ്ലിംസ് ഫോര്‍ പലസ്തീന്‍ പറഞ്ഞു.
ഗാസയില്‍ ക്ഷാമം മൂലമുള്ള ആകെ മരണസംഖ്യ 370 ആയി ഉയര്‍ന്നു, മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്.
ആഗസ്തില്‍ മാത്രം ഗസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം 185 പേര്‍ മരിച്ചതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സ്ഥിരീകരിച്ചു, ഇത് സമീപ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണ്.
1.07 ദശലക്ഷം ആളുകള്‍, അതായത് ഗാസയിലെ ജനസംഖ്യയുടെ 54 ശതമാനം, ഭക്ഷ്യ ക്ഷാമത്തിന്റെ നാലാമത് ഘട്ടമായ ”അടിയന്തര” അവസ്ഥയിലും, 3,96,000 ആളുകള്‍ (20 ശതമാനം) മൂന്നാം ഘട്ടമായ ”പ്രതിസന്ധി” അവസ്ഥയിലുമാണ്.
ഏറ്റവും പുതിയ IPC റിപ്പോര്‍ട്ടനുസരിച്ച്, അടുത്ത ജൂണ്‍ വരെ ഗസയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള 1,32,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് ലോക പട്ടിണിയും ഭക്ഷ്യസുരക്ഷയും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമായ IPC മെയ് മാസത്തില്‍ നല്‍കിയ കണക്കുകളുടെ ഇരട്ടിയിലധികമാണ്. ഇതില്‍ 41,000-ല്‍ അധികം കുട്ടികള്‍ മരണ സാധ്യതയുള്ള ഗുരുതരമായ അവസ്ഥയിലാണ്.


