ന്യൂഡല്‍ഹി: ക്യുആര്‍ കോഡുള്ള പുതിയ പാന്‍ കാര്‍ഡിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവര്‍ത്തനം സാധ്യമാക്കുന്ന ആദായനികുതി വകുപ്പിന്റെ പാന്‍ 2.0 പദ്ധതിക്കാണ് കബിനറ്റ് അംഗീകാരം നല്‍കിയത്. ഇതിന് കീഴില്‍, സിസ്റ്റങ്ങള്‍ നവീകരിക്കുകയും മുഴുവന്‍ പ്രക്രിയയും പേപ്പര്‍ രഹിതമാക്കുകയും ബിസിനസുകള്‍ക്ക് ഒരൊറ്റ തിരിച്ചറിയല്‍ സംവിധാനം ഉണ്ടായിരിക്കുകയും ചെയ്യുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
|
ആദായനികുതി വകുപ്പിന്റെ പാന്‍ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (CCEA) യും അംഗീകാരം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ക്യുആര്‍ കോഡുള്ള പാന്‍ കാര്‍ഡിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണ് പാന്‍ 2.0. 1,435 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. നികുതിദായകര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാക്കുകയാണ് പാന്‍ 2.0യുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
‘പാന്‍ കാര്‍ഡ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്, ഇത് ഇടത്തരക്കാര്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും പ്രധാനമാണ്. അത് വളരെയധികം നവീകരിക്കപ്പെടുകയും പാന്‍ 2.0 ന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഏകീകൃത പോര്‍ട്ടല്‍ ഉണ്ടാകും. ഇത് പൂര്‍ണ്ണമായും പേപ്പര്‍ രഹിതവും പരാതി പരിഹാര സംവിധാനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന വിധത്തിലാകും- അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിലവിലുള്ള നികുതിദായകരുടെ പാന്‍കാര്‍ഡില്‍ മാറ്റമില്ലെന്നും പുതിയ കാര്‍ഡുകള്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് അച്ചടിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാന്‍ നമ്പര്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 78 കോടി പാന്‍കാര്‍ഡുകള്‍ ഇതിനകം രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.
PAN 2.0 New PAN cards to come with QR codes





