ഡല്‍ഹി: ശൈത്യകാല പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍, വഖഫ് ഭേദഗതി ബില്ല് അടക്കം ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. (Parliament session begins today; Waqf Bill and One Nation, One Election Bill to be introduced) അതേ സമയം, അദാനി വിഷയം ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ ഇന്ത്യ സഖ്യവും തയ്യാറെടുത്തതോടെ സഭ കലുഷിതമാവും.
|
കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം പാസ്സാക്കിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തും. സഖ്യകക്ഷികളായ ടിഡിപി , എല്‍ജെപി എന്നീ പാര്‍ട്ടികളെ ഇതിനായി വരുതിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വഖഫ് വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് വിവാദം സൃഷ്ടിച്ചത് ഈ മണ്ണൊരുക്കലിന്റെ ഭാഗമാണെന്നാണു കരുതുന്നത്.
വഖഫ് വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ തീര്‍പ്പ്, വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതര വിഭാഗത്തില്‍ പെടുന്നവരുടെ സാന്നിധ്യം എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുക. ജെപിസി അംഗമായിട്ട് പോലും തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി , സമിതിയുടെ കലാവധി നീട്ടണമെന്നു ആം ആദ്മി എംപി സഞ്ജയ് സിങ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ജെപിസി റിപ്പോര്‍ട് ഈ സമ്മേളന കാലയളവില്‍ ഉണ്ടാകുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരെഞ്ഞെടുപ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്‍പാകെയുണ്ട്. നിയമമാക്കി 2029ല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനെതിരേയും പ്രതിപക്ഷ പ്രതിഷേമുയരും.
ദുരന്ത നിവാരണ ഭേദഗതി ബില്‍ ഉള്‍പ്പെടെ 15 ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അമേരിക്കയില്‍ അദാനിക്കെതിരെ കേസ് എടുത്തത് ആയിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. സമ്മേളന നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മാലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷം യോഗം ചേരുന്നുണ്ട്. ഇതില്‍ സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കു രൂപം നല്‍കും.





