മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് തിരിച്ചടിയായി മധ്യപ്രദേശ് ഹൈക്കോടതി വിധി. ഏകെക്കാലം മധ്യപ്രദേശിലെ ചില ഭാഗങ്ങള്‍ ഭരിച്ച പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ശത്രുസ്വത്തായി Enemy Property Act of 1968) പ്രഖ്യാപിക്കുന്നത് ചോദ്യംചെയ്ത് സെയ്ഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിനാലാണിത്. ഇതുപ്രകാരം 15,000 കോടി രൂപയുടെ സ്വത്ത് ആകും സെയ്ഫിന് നഷ്ടമാകുക.
|
പട്ടൗഡി കുടുംബത്തിന്റെ വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ച് 2014ലാണ് ശത്രുസ്വത്ത് നിയമപ്രകാരം സ്വത്തിന്‍മേല്‍ സെയ്ഫിന് നോട്ടിസ് ലഭിച്ചത്. ഇതിനെതിരെ സെയ്ഫിന്റെ ഹരജി പരിഗണിച്ച് നടപടി സ്റ്റേചെയ്തിരുന്നു. അടുത്തിടെ മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ് ശത്രുസ്വത്ത് നിയമപ്രകാരം പട്ടൗടി കുടുംബത്തിന്റെ സ്വത്ത് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവസരം ലഭിച്ചത്. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ ഇന്ത്യയിലെ സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തില്‍പ്പെട്ടത്.
നാട്ടുരാജ്യമായിരുന്ന ഭോപ്പാലിലെ അവസാന നവാബായിരുന്ന ഹമീദുല്ലാ ഖാന്റെ മൂന്നു മകളില്‍ മൂത്ത മകളായ ആബിദ സുല്‍ത്താന്‍ 1950ല്‍ പാക്കിസ്ഥാനില്‍ പോയത് ചൂണ്ടിക്കാട്ടിയാണ് ഇവ ശത്രുസ്വത്തായി കണക്കാക്കിയത്. എന്നാല്‍, ഹമീദുല്ലാ ഖാന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്ന് നവാബ് ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ സാജിദയുടെ ചെറുമകന്‍ സെയ്ഫ് കുടുംബ സ്വത്തുക്കളുടെ അവകാശിയായി മാറി. ഇതാണിപ്പോള്‍ ശത്രുസ്വത്തായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഭോപാലിൽ കൊഹേഫിസ് മുതൽ ചിക്‌ലോദ് വരെയുള്ള പ്രദേശത്തെ വസ്‌തുക്കളാണ് പട്ടൗഡി കുടുംബത്തിന് നഷ്ടമാകുക.
Pataudi family may lose property worth Rs 15,000 crore


