കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഡിങ്ക ഡിങ്ക എന്ന അപൂര്‍വ്വ രോഗം പടരുന്നു. (Patients jumping as if dancing; Dinka Dinka disease spreads in Uganda) എന്താണ് ഉറവിടമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലാത്ത രോഗത്തിന്റെ ലക്ഷണങ്ങള്‍ വിചിത്രമാണ്. രോഗം ബാധിച്ചവര്‍ നൃത്തം ചെയ്യുന്നത് പോലെ വിറച്ചു തുള്ളുന്നുവെന്നതാണ് പ്രത്യേകത. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക ഡിങ്ക എന്ന വാക്കിന്റെ അര്‍ഥവും.
|
സ്ത്രീകളെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്ന രോഗം ബുണ്ടിബുഗ്യോ ജില്ലയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഡിങ്ക ഡിങ്ക രോഗം ബാധിച്ചവര്‍ക്ക് വിറയല്‍ കാരണം നടക്കാനാവത്ത അവസ്ഥ വരുന്നു. കൂടാതെ തീവ്രമായ പനി, ക്ഷീണം, അപൂര്‍വമായി പക്ഷാഘാതം എന്നിവയും രോഗികളെ ബാധിക്കുന്നു.
നിലവില്‍ ബുണ്ടിബുഗ്യോ ജില്ലയില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 300 രോഗികളാണ് ഇതിനോടകം ചികിത്സ തേടിയിരിക്കുന്നത്. ആര്‍ക്കും ഗുരുതരാവസ്ഥയുള്ളതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. ആന്റീബയോട്ടിക്കുകള്‍ രോഗത്തിന് ഫലപ്രദമാവുന്നുമുണ്ട്.
രോഗികള്‍ ഒരാഴ്ചത്തെ ചികിത്സ കൊണ്ട് രോഗമുക്തി നേടുന്നതായാണു റിപോര്‍ട്ട്. രോഗം ഭേദമാകുന്നവരുടെ ശതമാനവും കൂടുതലാണ്.
എന്താണ് രോഗത്തിന്റെ ഉറവിടമെന്ന് തിരിച്ചറിയാനാകാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉഗാണ്ടന്‍ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
പ്രേതബാധയാണെന്ന് കരുതി വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തെയാണ് രോഗമുക്തിക്കായി ആശ്രയിക്കുന്നത്. ഉഗാണ്ടയില്‍ ഇത്തരം ചികില്‍സകര്‍ ധാരാളമാണ്. എന്നാല്‍ ശാസ്ത്രീയമായ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രാലയം രോഗികളോട് നിര്‍ദേശിച്ചിട്ടുണ്ട്.


