05
Feb 2025
Tue
05 Feb 2025 Tue
Pavithran, who dramatically returned to life from the morgue, succumbs to death

കണ്ണൂര്‍: ഒടുവില്‍ കൂത്തുപറമ്പിലെ പവിത്രന്‍ ശരിക്കും മരിച്ചു. മോര്‍ച്ചറിയില്‍ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ (67) ഒടുവില്‍ മരണത്തിന് കീഴടങ്ങി. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പവിത്രന്റെ അനുഭവം വലിയ വാര്‍ത്തയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായ ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടും നടത്തിയിരുന്നു. പവിത്രന്‍ മരിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കി. പിറ്റേന്ന് സംസ്‌കാരം നടത്താനായി മോര്‍ച്ചറിയിലേക്ക് ‘മൃതദേഹം’ മാറ്റുകയായിരുന്നു.

മോര്‍ച്ചറിയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ പവിത്രനില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. 11 ദിവസത്തെ ചികിത്സക്ക് ശേഷം രോഗം സുഖപ്പെട്ടതോടെ പവിത്രന്‍ ആശുപത്രി വിട്ടു. എകെജി ആശുപത്രിയിലെ ഡോക്ടര്‍ പൂര്‍ണിമ റാവുവിന്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രന്‍ ആശുപത്രി വിട്ടത്. തുടര്‍ന്ന് വീട്ടില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Pavithran, who dramatically returned to life from the morgue, succumbs to death

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക