പേരൂര്‍ക്കട മാല മോഷണക്കേസില്‍ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാന്‍ പൊലീസ് കള്ളക്കഥ ചമച്ചുവെന്ന് പുനരന്വേഷണ റിപോര്‍ട്ട്. വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാന്‍ പൊലീസ് കഥ മെനയുകയായിരുന്നുവെന്നും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയായ ഓമന ഡാനിയല്‍ മാല വീട്ടിലെ സോഫക്ക് താഴെ വെച്ച് മറന്നുപോവുകയാണ് ഉണ്ടായതെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
|
കാണാതായ മാല വീടിന് പിന്നില്‍ ചവര്‍ കൂട്ടിയിട്ടിരുന്നിടത്തുനിന്നാണ് കണ്ടെത്തിയതെന്ന പൊലീസിന്റെ കഥ കെട്ടിച്ചമച്ചതാണ്. ഇത് കുറ്റമാരോപിക്കപ്പെട്ട ബിന്ദുവിന്റെ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലീസ് ഉണ്ടാക്കിയതാണ്. യഥാര്‍ഥത്തില്‍, ഓമന ഡാനിയേല്‍ തന്നെയാണ് പിന്നീട് മാല വീട്ടില്‍ മറന്നുവെച്ചിടത്തുനിന്ന് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബിന്ദുവിനെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശിവകുമാറിന്റെ അറിവോടെയായിരുന്നു. രാത്രിയില്‍ ശിവകുമാര്‍ ബിന്ദുവിനെ ചോദ്യം ചെയ്തത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ALSO READ: തിരിച്ചടിച്ച് ഖസ്സാം ബ്രിഗേഡ്; സൈനിക ടാങ്ക് തകര്‍ത്ത് നാല് ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തി
ദളിത് യുവതിയെ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ്.എച്ച്.ഒ ശിവകുമാര്‍, വ്യാജ പരാതി നല്‍കിയ ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടിവേണമെനും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുള്ളിമാനൂര്‍ സ്വദേശി ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. സംഭവത്തിന് നാലു ദിവസം മുമ്പായിരുന്നു ബിന്ദു വീട്ടില്‍ ജോലിക്കെത്തിയത്.
പരാതിക്ക് പിന്നാലെ, ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയില്‍ സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍, അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയില്‍ നിന്നും കിട്ടിയെന്ന് ഓമന ഡാനിയല്‍ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയക്കുകയും ചെയ്തു.
സംസ്ഥാന പൊലീസിനാകെ നാണക്കേടായ സംഭവത്തില്‍ കുറ്റക്കാരായ എസ്.ഐയെയും എ.എസ്.ഐയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കാണാതായ സ്വര്‍ണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്. കസ്റ്റഡിയെ ന്യായീകരിക്കാന്‍ പോലീസും വീട്ടുടമയും ചേര്‍ന്ന് മെനഞ്ഞ കഥയാണിതെന്നാണ് സംശയിക്കുന്നത്.
ഇതിന് പിന്നാലെ, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നല്‍കിയ പരാതിയില്‍ ജില്ലക്ക് പുറത്തുള്ള ഡി.വൈ.എസ്.പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ വെളിപ്പെട്ടത്. പോലീസ് കസ്റ്റഡി പീഡനത്തിന്റെ നിരവധി കഥകള്‍ പുറത്തുവരുന്നതിനിടയിലാണ് സംസ്ഥാന പോലീസ് സേനയ്ക്കു തന്നെ നാണക്കേടാകുന്ന റിപോര്‍ട്ട്.


