
കോഴിക്കോട്: പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയനിലെ ചിലര്‍ കഴിഞ്ഞ ദിവസം മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും.(Petrol pumps to remain closed till 12 noon today) രാവിലെ 6 മുതല്‍ ഉച്ചയ്ക്കു 12 വരെ പമ്പുകള്‍ അടയ്ക്കാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എകെഎഫ്പിടി) നേതൃത്വത്തില്‍ തീരുമാനം.
![]() |
|
കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ടാങ്കര്‍ ലോറി തൊഴിലാളികളുടെയും പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും ടാങ്കര്‍ ലോറി തൊഴിലാളികള്‍ പമ്പുടമകളില്‍നിന്നു ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
കോഴിക്കോട് എലത്തൂര്‍ എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്ക്കെത്തിയപ്പോഴാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ നേതാക്കളെ മര്‍ദ്ദിച്ചത്. പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ലോറികളിലെ തൊഴിലാളികള്‍ പമ്പുടമകളില്‍ നിന്നും കൈപ്പറ്റുന്ന തുകയായ കാപ്പിക്കാശിന്റെ പേരിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഈ തുകയില്‍ 100 രൂപയുടെ വര്‍ദ്ധന വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.
വിഷയം ചര്‍ച്ച ചെയ്യാനെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെയാണ് മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം സൂചനാ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ വൈകിട്ട് നാല് മണി മുതല്‍ ആറ് മണി വരെ അടച്ചിട്ടിരുന്നു.
ഇന്ധന വിതരണത്തിന് കരാര്‍ ഏര്‍പ്പെടുത്തുന്നവരാണ് ലോറികള്‍ ഏര്‍പ്പെടുത്തുന്നതെന്നും തൊഴിലാളികള്‍ക്ക് പണം നല്‍കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്നുമായിരുന്നു പമ്പുടമകളുടെ നിലപാട്. 12000 ലിറ്റര്‍ ഇന്ധനവുമായി വരുന്ന ടാങ്കര്‍ ലോറിക്കാര്‍ക്ക് 300 രൂപയും 20,000 ലിറ്റര്‍ ഇന്ധനവുമായി വരുന്ന ടാങ്കറുകള്‍ക്ക് 500 രൂപയുമായിരുന്നു കാപ്പിക്കാശായി നല്‍കിയിരുന്നത്. ഇത് 400, 600 ആയി ഉയര്‍ത്തണമെന്ന് ആയിരുന്നു ആവശ്യം.
കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടുമെന്നും അസോസിയേഷന്‍ അറിയിച്ചു. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് നാല് താലൂക്കുകളുടെ പരിധിയില്‍പെടുന്ന പമ്പുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലെ പമ്പുകളെയാണ് സമരത്തില്‍ നിന്ന് ഒഴിവാക്കിയത്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ പമ്പുകളെയും ഒഴിവാക്കിയിട്ടുണ്ട്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് സമരത്തിന് ആഹ്വാനം നടത്തിയത്.