30
May 2024
Thu
30 May 2024 Thu
nia raid in Tamilnadu

പട്‌ന: പ്രധാനമന്ത്രിയുടെ ബിഹാര്‍ സന്ദര്‍ശന പരിപാടി അലങ്കോലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ 6 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മൂന്‍കൂര്‍ ജാമ്യ ഹരജി പട്‌ന ഹൈക്കോടതി തള്ളി. 2022 ജൂലൈയില്‍ ബിഹാറിലെ ഫുല്‍വാരി ശരീഫില്‍ നരേന്ദ്ര മോദിയുടെ പരിപാടി അലങ്കോലപ്പെടുത്താനും സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിച്ചുവെന്നാണ് കേസ്. ( PFI-Phulwari Sharif ‘Conspiracy’: Patna HC Denies Anticipatory Bail  )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍ഐഎ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ജസ്റ്റിസ് വിപുല്‍ എം പഞ്ചോലി, ജസ്റ്റിസ് രമേഷ് ചന്ദ് മാളവ്യ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ സഹ ഗൂഡാലോചനക്കാരായി എന്‍ഐഎ പ്രതിചേര്‍ത്ത മന്‍സേര്‍ പര്‍വേസ്, അബ്ദുര്‍ റഹ്‌മാന്‍, മഹ്ബൂബ് ആലം, ശമീം അക്തര്‍, മുഹമ്മദ് ഖാലിഖുസ്സമാന്‍, മുഹമ്മദ് അമീന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.

പ്രധാനമന്ത്രിയുടെ പരിപാടിക്ക് തടസ്സം സൃഷ്ടിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് എന്‍ഐഎ നേരത്തേ അറസ്റ്റ് ചെയ്ത മുഹമ്മദ് ജലാലുദ്ദീന്‍, അതാഹിര്‍ പര്‍വേസ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേസില്‍പ്പെടുത്തിയത്.

2022 ജൂലൈയില്‍ പട്‌ന പോലീസ് നടത്തിയ റെയ്ഡിലാണ് ജലാലുദ്ദീനും പര്‍വേസും പിടിയിലായത്. ഇവരില്‍ നിന്ന് ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാനും ഭരണഘടനയെ അട്ടിമറിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും ലക്ഷ്യമിടുന്ന രേഖകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അവകാശപ്പെടുന്നു.

അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കയതിനെ തുടര്‍ന്നാണ് ആറ് പേരും മുന്‍കൂര്‍ ജാമ്യം തേടി പട്‌ന എന്‍ഐഎ സ്‌പെഷ്യല്‍ ജഡ്ജിന് മുന്നില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, ഹരജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ പരിപാടി തടസ്സപ്പെടുത്താനുള്ള പദ്ധതി വിജയിച്ചിരുന്നുവെങ്കില്‍ അത് വലിയൊരു ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നുവെന്ന് രേഖകള്‍ പരിശോധിച്ച കോടതി നിരീക്ഷിച്ചു. വ്യത്യസ്ഥ ഭാഷകളിലുള്ള രേഖകളില്‍ പ്രതികളുടെ ഗൂഡ പദ്ധതി വ്യക്തമാവുന്നുണ്ട്. ഇന്ത്യയില്‍ 2047ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പദ്ധതിയും പിടിച്ചെടുത്ത രേഖകളിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ പോപുലര്‍ ഫ്രണ്ടിന്റെയു സഹസംഘടനകളുടെയും നിരവധി പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണ റിപോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും പട്‌ന ഹൈക്കോടതി ഉത്തരവിട്ടു.