10 വയസ്സുള്ള വീട്ടുജോലിക്കാരിക്ക് കൊടിയ പീഡനം: വനിതാ പൈലറ്റും ഭര്‍ത്താവും അറസ്റ്റില്‍; ജോലിയും പോയി
|
ന്യൂഡല്‍ഹി: 10 വയസുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വനിതാ പൈലറ്റും ഭര്‍ത്താവും അറസ്റ്റില്‍. പൈലറ്റിനെയും ഭര്‍ത്താവിനെയും നാട്ടുകാര്‍ നടുറോഡിലിട്ട് മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന സംഭവത്തില്‍ വനിതാ പൈലറ്റ് പൂര്‍ണിമ (33), ഭര്‍ത്താവ് കൗശിക് ബാഗ്ചി (36) എന്നിവരാണ് അറസ്റ്റിലായത്. കൗശിക്കും സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനാണ്.
കുട്ടിയുടെ കണ്ണില്‍ പരുക്കുണ്ടെന്നും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊച്ചുകുട്ടികളെ വീടുകളില്‍ ജോലിക്കുനിര്‍ത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.
കുട്ടിയെ ഉപദ്രവിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ദമ്പതികളെ തലങ്ങും വിലങ്ങും മര്‍ദിക്കുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. പൈലറ്റിനാണ് കൂടുതല്‍ മര്‍ദനമേറ്റത്.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധിയില്‍പ്പെട്ടെന്നും വനിതാ പൈലറ്റിനെ ജോലിയില്‍ മാറ്റി നിര്‍ത്തിയെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ പൈലറ്റിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുമാസം മുമ്പാണ് 10 വയസുകാരിയെ സഹായത്തിനായി ഇവരുടെ വീട്ടില്‍ നിര്‍ത്തുന്നത്. ദമ്പതികളുടെ കുഞ്ഞിനെ പരിപാലിക്കാനാണ് പെണ്‍കുട്ടിയെ ജോലിക്കെടുത്തത്. എന്നാല്‍ ഇവരുടെ വീട്ടിലെ ജോലികള്‍ മുഴുവന്‍ പെണ്‍കുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണക്കുറ്റമടക്കം ആരോപിച്ച് പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ മൂന്ന്‌നാല് ദിവസമായി പട്ടിണി കിടക്കുകയായിരുന്നുവെന്നും പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കാന്‍ നല്‍കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി അമ്മാവന്‍ പറയുന്നു.
#WATCH | A woman pilot and her husband, also an airline staff, were thrashed by a mob in Delhi’s Dwarka for allegedly employing a 10-year-old girl as a domestic help and torturing her.
The girl has been medically examined. Case registered u/s 323,324,342 IPC and Child Labour… pic.twitter.com/qlpH0HuO0z
— ANI (@ANI) July 19, 2023





