തിരുവനന്തപുരം: അയോധ്യയില്‍ ബാബരി മസ്ദിജ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ യജമാനനായി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടിയായി കൊണ്ടാടുകയാണ്.
|
എല്ലാ വിഭാഗക്കാരും തുല്യഅവകാശം അനുഭവിക്കുന്നു എന്ന് ഭരണഘടന അനുസരിച്ച് പ്രതിജ്ഞ എടുത്ത് അധികാരത്തിലേറുന്നവര്‍ ഓര്‍ക്കണം. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത്. ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഇന്ത്യയുടെ മതേതരത്വം എന്നാല്‍ മതവും രാഷ്ട്രവും വിഭിന്നമാണ് എന്നാണ്. അത് നിലനിര്‍ത്തിയ പാരമ്പര്യമാണ് നമുക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രവും മതവും തമ്മിലുള്ള അതിര്‍വരമ്പ് ഇപ്പോള്‍ ചുരുങ്ങി വരുന്നു. ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വിലക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം അത് മതേതരമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പ്രക്രിയയായിരുന്നു. ആ കാലഘട്ടത്തില്‍ നിന്നും നാം പിന്നോട്ടു പോയതായും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. ആ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ എന്ന നിലയില്‍ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഒരിക്കല്‍ കൂടി ഉറപ്പിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.





