01
Aug 2023
Wed
01 Aug 2023 Wed

മഥുര ഈദ് ഗാഹ് പള്ളിയിലും കണ്ണ് വച്ച് സംഘ്പരിവാര്‍; സര്‍വേ നടത്തണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതിചെയ്യുന്ന ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സംഘ്പരിവാര്‍ പിന്തുണയുള്ള ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തീരുമാനിക്കുകയായിരുന്നു.

ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തെ ആരാധനാലയം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് അവിടെ മസ്ജിദ് നിര്‍മ്മിച്ചുവെന്നാണ് സംഘ്പരിവാര്‍ വാദം. പള്ളി നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം തിരികെ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ശാസ്ത്രീയ സര്‍വേ നടന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവ് ലഭിയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഈ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. പള്ളിയ്ക്കുള്ളില്‍ പരിശോധന നടത്താന്‍ ഉത്തരവിടാന്‍ സിവില്‍ കോടതിയോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ ട്രസ്റ്റ് ആവശ്യപ്പെട്ടത്.
ഇത്തരത്തിലൊരു ഹരജി നിലനില്‍ക്കുമോ ഇല്ലയോ എന്നകാര്യമാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ജയന്ത് ബാനര്‍ജി അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഹരജി തള്ളി. കേസിലെ മറ്റൊരു ഭാഗവും ഈ ഘട്ടത്തില്‍ പരിഗണിക്കരുതെന്നും ബെഞ്ച് ഉത്തരവിടുകയും ചെയ്തു. ഹരജിയെ പള്ളിക്കമ്മറ്റിയും സുന്നി വഖഫ് ബോര്‍ഡും സിവില്‍ കോടതിയിലും ഹൈക്കോടതിയിലും എതിര്‍ത്തിരുന്നു. ഭൂജാതനായ ശ്രീകൃഷ്ണനും (ശ്രീകൃഷ്ണ വിരാജ്മാന്‍) മറ്റു ഏഴുപേരുമാണ് സിവില്‍ കോടതിയിലെ പ്രധാന ഹരജിക്കാര്‍. ഇതോടൊപ്പം 10ലധികം ഹരജികള്‍ വേറെയുമുണ്ട്.

കീഴ്‌ക്കോടതിയിലുള്ള കേസുകള്‍ മേല്‍ കോടതിയിലേക്ക് മാറ്റാന്‍ ഉത്തവിട്ട സാഹചര്യത്തില്‍ തുടര്‍ന്ന് സിവില്‍ കോടതിക്ക് ഈ ഹരജികള്‍ പരിഗണിക്കാനുള്ള അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസുകള്‍ മാറ്റിയുള്ള ഉത്തരവിനെയും സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. വിഷയം ഹൈക്കോടതി തന്നെ പരിഗണിക്കുന്നതാണ് ഉചിതമെന്ന് ഹരജിയില്‍ പ്രാഥമിക വാദത്തിനിടെ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. വിഷയം നീളുന്നത് ഹരജിക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം ഹരജികള്‍ സമര്‍പ്പിക്കുന്നത് കൊണ്ടാണ്. കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതാണ് നല്ലതെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇനിയും മറ്റൊരു ഹരജി കൂടി കോടതിയിലെത്തുന്നില്ലെന്ന് ഉറപ്പാക്കണം. സിവില്‍ കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റിയ കേസുകളുടെ വിവരങ്ങള്‍ അറിയിക്കാനും അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോട് ബെഞ്ച് ആവശ്യപ്പെട്ടു.