30
May 2023
Wed
30 May 2023 Wed

കോഴിക്കോട്: മുസ്ലിം ലീഗിനെ വെട്ടിലാക്കി ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവന. ലീഗ് ഭരിക്കുമ്പോള്‍ തരികിടയിലൂടെ എംഎസ്എഫ് യൂണിയന്‍ പിടിച്ചെടുക്കാറുണ്ടെന്നും എന്നാല്‍ ഭരണമില്ലാതിരുന്നിട്ടും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നുമാണ് പിഎംഎ സലാം പറഞ്ഞത്. മങ്കട പഞ്ചായത്തിലെ മൂര്‍ക്കനാട് വാര്‍ഡില്‍ മുസ്ലീം ലീഗ് കുടുംബ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളേജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകളിലെ എംഎസ്എഫിന്റെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

സലാമിന്റെ വാക്കുകള്‍ ഇങ്ങനെ: സാധാരണ നിലയില്‍ ലീഗിന് ഭരണമുണ്ടാകുമ്പോള്‍, ലീഗുകാരന്‍ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്‌സിറ്റി യൂണിയനും കോളേജുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ തരികിടകള്‍ ഒക്കെ കാണിക്കുന്നത് സിപിഎം ആണ്. വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി, കോളേജ് ഭരണങ്ങളും സ്‌കൂളുകളുമൊക്കെ അവര്‍ തകിടം മറിക്കുകയാണ്. അങ്ങനെ പ്രതികൂലമായ സാഹചര്യത്തിലും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റൊരു കാലത്തുമുണ്ടാകാതിരുന്ന വലിയ വിജയം എംഎസ്എഫിന് നേടാന്‍ കഴിഞ്ഞു. ചിന്തിക്കുന്ന, വിവരമുള്ള, വിദ്യാഭ്യാസമുള്ള പുതിയ തലമുറ മുസ്ലീം ലീഗിനൊപ്പം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നതിന് തെളിവാണിത്. രണ്ടുമൂന്ന് തലമുറ കഴിഞ്ഞാലും ലീഗ് ഭദ്രമാണെന്നാണ് ഇതിന് അര്‍ത്ഥം.

ലീഗുകാര്‍ മാത്രം പങ്കെടുത്ത പരിപാടിയിലെ നേതാവിന്റെ പ്രസംഗം ചോര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിട്ടുണ്ട്.