കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും ദുരൂഹ നീക്കവുമായി പോലീസ്. (Police mysterious move against Siddique Kappan) ഇന്നലെ രാത്രി 12 മണിയോടെ മലപ്പുറത്തുനിന്ന് പൊലീസ് സംഘം വരുമെന്ന് വീട്ടിലെത്തിയ പൊലീസുകാര്‍ അറിയിച്ചെങ്കിലും ആരും വന്നില്ല.
|
അര്‍ദ്ധരാത്രി പൊലീസ് വീട്ടില്‍ വരുമെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധീഖ് കാപ്പന്‍ പറഞ്ഞു. പൊലീസിന്റെ നടപടിയില്‍ ആശങ്കയുണ്ടെന്ന് ഭാര്യ റഹ്യാനത്തും പ്രതികരിച്ചു. പോലീസിന്റെ മുന്നറിയിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് റൈഹാനത്ത് ഇന്നലെ രാത്രി തന്നെ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
വൈകീട്ട് ആറ് മണിയോടെയാണ് രണ്ടു പൊലീസുകാര്‍ വീട്ടില്‍ എത്തിയത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടില്‍ സിദ്ദിഖ് കാപ്പന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരം നല്‍കിയില്ല.
തുടര്‍ന്ന് കാപ്പന്റെ വക്കീല്‍ അഡ്വക്കറ്റ് മുഹമ്മദ് ദാനിഷ് വീട്ടില്‍ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് കാപ്പന്‍ പോകുന്നതെന്നും വക്കീല്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന കാപ്പന്‍ പറഞ്ഞു. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിന്റെ പേരില്‍ യുപി പൊലീസ് കേസെടുത്ത മാധ്യമ പ്രവര്‍ത്തകനാണ് സിദ്ധീഖ് കാപ്പന്‍.
സുപ്രീം കോടതിയും ലഖ്‌നോ ഹൈക്കോടതിയും കേസുകളില്‍ ജാമ്യമനുവദിക്കുകയും, സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനുള്ളത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന കേസുകളില്‍ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോണ്‍ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ കാപ്പന് യാതൊരു മടിയുമില്ല താനും. എന്നിട്ടും എന്തിനാണ് ഇത്തരത്തില്‍ ഒരു പാതിരാ പരിശോധന എന്ന മനസ്സിലാവുന്നില്ലെന്ന് കാപ്പന്റെ ഭാര്യ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





