ഇസ്രായേലി വനിത സ്വാത്തോ സ്വയം ജീവനൊടുക്കിയതാണെന്ന ഭർത്താവ് കൃഷ്ണചന്ദ്ര(75)ന്റെ വാദം തള്ളി പൊലീസ്. കൊട്ടിയത്ത് കഴിഞ്ഞദിവസമാണ് 36കാരിയായ സ്വാത്തോയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. സ്വയം കുത്തിപ്പരിക്കേൽപ്പിച്ച കൃഷ്ണചന്ദ്രൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
|
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണചന്ദ്രനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാനാണ് പൊലീസ് നീക്കം. ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും സ്വാത്തോ സ്വയം മരിച്ചുവെന്നുമാണ് കൃഷ്ണചന്ദ്രന്റെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല.
സ്വാത്തോ മരിച്ചു കിടന്നതും കൃഷ്ണചന്ദ്രൻ മുറിവേറ്റു കിടന്നതുമായ മുറി ഫോറൻസിക് വിഭാഗവും പൊലീസും വിശദമായ പരിശോധന നടത്തി. യുവതിയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് സ്വയം ഉണ്ടാക്കാനാവുന്നതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. യുവതിയുടെ ദേഹത്ത് വേറെയും മുറിവുകളുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണചന്ദ്രൻ സ്വയം മുറിവുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.
ആയുർവേദ ചികിത്സകനും യോഗാചാര്യനുമായ കൃഷ്ണചന്ദ്രൻ യോഗ ക്ലാസ്സിലൂടെയാണ് സ്വാത്തോയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. കൊട്ടിയത്ത് കോടാലിമുക്കിൽ കൃഷ്ണചന്ദ്രന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
വ്യാഴം വൈകുന്നേരം പുറത്തുപോയി തിരിച്ചെത്തിയ ബന്ധു ഇരുവരെയും വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പിൻഭാഗത്തെത്തി കതക് തുറന്നപ്പോൾ ഇരുവരെയും രക്തത്തിൽ കുളിച്ച് കണ്ടെത്തുകയായിരുന്നു.





