കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി സംബന്ധിച്ച് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. (police-reveal-shocking-financial-fraud-by-manjummel-boys-producers)നിര്‍മാതാക്കളായ സൗബിന്‍ ഷാഹിറും ഷോണ്‍ ആന്റണിയും സിനിമയ്ക്ക് പണം മുടക്കിയ ആള്‍ക്ക് വന്‍തുക നല്‍കാനുള്ളതായി പോലീസ് അന്വേഷണ റിപോര്‍ട്ട്.
|
ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചുള്ള വഞ്ചനയാണെന്ന് മരട് എസ്എച്ച്ഒ ജി.പി.സജുകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ സിനിമയുടെ നിര്‍മാണത്തിനായി ഒരു രൂപ പോലും നിര്‍മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നു പോലീസ് റിപോര്‍ട്ടില്‍ പറയുന്നു. ഏഴു കോടി മുതല്‍മുടക്കിയ പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചുനല്‍കിയില്ല.
എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്‍മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിടുകയായിരുന്നു.
അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് ആണ് കേസിലെ പരാതിക്കാരന്‍. ഏഴു കോടി രൂപ നിക്ഷേപിച്ചാല്‍ 40% ലാഭവിഹിതം നല്‍കാമെന്നായിരുന്നു പരാതിക്കാരനുമായി നിര്‍മാണ കമ്പനി ഉണ്ടാക്കിയ കരാര്‍. 26 തവണയായി അഞ്ചു കോടി 99 ലക്ഷം അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി 7 കോടി രൂപ പരാതിക്കാരന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കി.
വിതരണത്തിനും മാര്‍ക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും ജിഎസ്ടി അടക്കം 18.65 കോടി മാത്രമാണ് ചെലവായിട്ടുള്ളത്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. പറവ ഫിലിംസിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളില്‍ നിന്നായി 28 കോടി 35 ലക്ഷം രൂപ പ്രതികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊത്തം കലക്ഷനില്‍ നിന്നുള്ള നിര്‍മാതാക്കളുടെ ഓഹരിയായി 45 കോടി ഏപ്രില്‍ 29 വരെ ലഭിച്ചിട്ടുണ്ടെന്ന് വിതരണ കമ്പനിയില്‍നിന്ന് ലഭിച്ച രേഖകളിലുണ്ട്. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങളില്‍ നിന്നായി 96 കോടി പ്രതീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 47 കോടി രൂപ ധാരണപ്രകാരം പരാതിക്കാരന് നല്‍കാനുണ്ട്. എന്നാല്‍ 50 ലക്ഷം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഏഴു കോടിയോളം നഷ്ടപ്പെട്ടതോടെ പരാതിക്കാരന്റെ കുടുംബ ബിസിനസ്സും നഷ്ടത്തിലായി. കാന്‍സര്‍ രോഗത്തിന് ചികിത്സിച്ചു കൊണ്ടിരിക്കുന്ന പരാതിക്കാരന് 47 കോടി കിട്ടാനുണ്ടായിട്ടും ഇത് ലഭിക്കാത്തതിനാല്‍ തുടര്‍ചികിത്സ നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട അന്തിമ കണക്കുകള്‍ ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്.


