കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 60 സാക്ഷികളെയും നാൽപത് രേഖകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
|
തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി കെ രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെ ജി മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിൽ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് യുവതിക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്. കത്രിക കുടുങ്ങിയെന്ന് അറിയാതിരിക്കുകയും അസഹ്യമായ വേദന മാറാൻ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല.
2022 സെപ്റ്റംബർ 13-ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. പിന്നീട് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. തുടർന്ന് ഫെബ്രുവരി 26ന് ഹർഷിന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടേറിയറ്റിന് മുമ്പിൽ ഹർഷിന സമരം നടത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





