|
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടനും ചിത്രത്തിലെ നായകനും ആയ അല്ലു അര്‍ജുനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് നടനെ വൈദ്യപരിശോധനയ്ക്കായി ഹൈദരബാദ് ഗാന്ധി ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയ്ക്ക് ശേഷം നടനെ കോടതിയില്‍ ഹാജരാക്കും. കേസില്‍ അല്ലു അര്‍ജുന്റെ ബോഡിഗാര്‍ഡ് സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് അല്ലു അര്‍ജുനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും നിര്‍മാതാവ് ദില്‍ രാജുവും സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി പോലിസ് രേഖപ്പെടുത്തി. ഇതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആരാധക പ്രതിഷേധം
നടന്റെ അറസ്റ്റ് വിവരമറിഞ്ഞ് നിരവധി ആരാധകരാണ് പോലീസ് സ്‌റ്റേഷന് സമീപവും ആശുപത്രി പരിസരത്തും തടിച്ചുകൂടിയത്. വന്‍ പോലീസ് സംഘത്തെയും ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ആരാധകര് നടന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. നടന്‍ ചിരഞ്ജീവിയടക്കമുള്ള താരങ്ങള്‍ ഷൂട്ടിങ് നിർത്തിവച്ച് നടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ചുമത്തിയ വകുപ്പുകൾ
തിയറ്ററിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പരാതി നല്‍കിയതോയൊണ് അല്ലു അര്‍ജുനെതിരേ നടപടിയെടുക്കാന്‍ ഹൈദരബാദ് പോലിസ് നിര്‍ബന്ധിതരായത്. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ മാനേജരേയും രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (BNS ) 105, 118 (1) വകുപ്പുകളാണ് ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
നടന്റെ തിയറ്റര്‍ സന്ദര്‍ശനത്തേക്കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അതിനു വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ഇവര്‍ക്കായില്ലെന്നും പൊലിസ് കുറ്റപ്പെടുത്തി.
എന്നാല്, ഡിസംബര്‍ 2 ന് തിയേറ്ററിലെത്തുമെന്ന് പോലീസിനെ അറിയിച്ചതായി അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അഭിഭാഷകര്‍ പറയുന്നു.

കേസിന് ആസ്പദമായ സംഭവം
ഡിസംബര്‍ നാലിന് അര്‍ധരാത്രിയാണ് അപകടമുണ്ടാകുന്നത്. നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. സംഭവത്തില്‍ 35 കാരിയായ രേവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ എട്ട് വയസ്സുള്ള മകന്‍ ശ്രീതേജ് പരിക്കേറ്റ് ആശുപത്രിയിലാണ്.
സിനിമ പ്രദര്‍ശനം തുടങ്ങിയിരിക്കെ ചിത്രം കാണാനെത്തിയ അല്ലു അര്‍ജുന്റെ അടുത്തേക്ക് ആരാധകര്‍ കുതിച്ചെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഒന്‍പതും ഏഴും വയസുള്ള മക്കളേയും കൊണ്ടാണ് രേവതിയും ഭര്‍ത്താവും തിയറ്ററില്‍ എത്തിയത്. സംഭവത്തിന് പിന്നാലെ നടന്‍ അല്ലു അര്‍ജുന്‍ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.


