പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും; ഹോസ്റ്റലുകളില്‍ കനത്ത സുരക്ഷാ സംവിധാനം
|
കല്‍പ്പറ്റ: ആള്‍ക്കൂട്ട വിചാരണയ്ക്കിരയായി ജെ.എസ് സിദ്ധാര്‍ഥ എന്ന വിദ്യാര്‍ഥി മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ കോളേജ് ഇന്ന് വീണ്ടും തുറക്കുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളില്‍ അഞ്ചിടത്ത് പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ 24 മണിക്കൂറും കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കുകയും പുറത്തുപോവുകയുമൊക്കെ ചെയ്യാം. ഇതിന് സര്‍വലാശാല നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജിന്റെ കാമ്പസിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗ ഭീഷണിയുണ്ട്. നൂറേക്കറോളം വരുന്ന കാമ്പസില്‍ സമയനിയന്ത്രണമില്ലാത്തത് വലിയ ഭീഷണിയാണ്. കാമ്പസിനോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളിലുള്‍പ്പെടെ കുട്ടികള്‍ പോവുന്നുണ്ട്. രാത്രിയില്‍ അവരുടെ സുരക്ഷയെക്കൂടെ ബാധിക്കുമെന്നതുകൊണ്ടാണ് നിയന്ത്രണത്തിന് ആലോചിക്കുന്നത്. കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിയും സര്‍വകലാശാലയ്ക്ക് മുന്നില്‍ ഈ നിര്‍ദേശംവെച്ചിരുന്നു.
ബിരുദ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെയും പി.ജി.വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറുമുതല്‍ രാത്രി 10 വരെയും മാത്രമേ അനുവദിക്കാന്‍ പാടുള്ളു എന്നാണ് ആന്റി റാഗിങ് സെല്ലിന്റെ നിര്‍ദേശം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരുന്നു. വൈസ് ചാന്‍സലറെ നിയമിച്ചത് സര്‍ക്കാരാണ് .ഇത് സര്‍ക്കാരിനെ അറിയിക്കാത്തതില്‍ മാത്രമാണ് സര്‍ക്കാരിന് എതിര്‍പ്പുണ്ടായത്. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ നിലവില്‍ 20 പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ധാര്‍ഥനെ മര്‍ദിച്ചതിലും സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരുമാണ് പ്രതികള്‍. സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
pookode veterinary college reopen today


