പോത്തുകല്ല്: പോത്തുകല്ല് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര അടച്ചുപൂട്ടി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇനിയും തുറക്കാന്‍ നടപടിയായില്ല. ദിവസംതോറും നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോവുന്ന ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്ത് അധികൃതര്‍ എത്തി അടച്ചുപൂട്ടിയത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയതിനെ തുടര്ന്നായിരുന്നു നടപടി.
|
യാത്രക്കാര്‍ക്കു പുറമേ ബസ് ജീവനക്കാരും സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും അടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന മൂത്രപ്പുരയാണ് തകരാര്‍ പരിഹരിച്ച് ഇനിയും തുറക്കാതെ അധികൃതര്‍ നിസ്സംഗത പാലിക്കുന്നത്. പഞ്ചായത്തിലെ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളോട് പരാതിപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും നാളിതുവരെ ഉണ്ടായില്ലെന്ന് പ്രദേശവാസിയായ സിദ്ധീഖ് പോത്തുകല്ല് കുറ്റപ്പെടുത്തി.
അതേസമയം പാടത്ത് നിര്‍മിച്ച ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് അതിവേഗം നിറയുന്നതാണ് പഞ്ചായത്ത് അധികൃതരെ പ്രതിസന്ധിലാക്കിയതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകി വ്യാപാരികള്‍ക്കടക്കം ബുദ്ധിമുട്ടുണ്ടാക്കിയതോടെയാണ് മൂത്രപ്പുര അടച്ചുപൂട്ടിയതെന്നും ഒരുവിഭാഗം പറയുന്നു. എന്നാല്‍ വളരെ ചെറിയ കോണ്‍ക്രീറ്റ് ടാങ്ക് ആണ് മൂത്രപ്പുരയ്ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ഇതിനാലാണ് ടാങ്ക് അതിവേഗം നിറഞ്ഞതെന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു.


