27
Jul 2024
Mon
27 Jul 2024 Mon
Prashanth Kihsor jan sooraj party

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ജന്‍ സൂരജ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. (Prashanth Kihsor’s Jan sooraj party in October ) താഴേത്തട്ടില്‍ നടത്തിയ ജന്‍ സൂരജ് അഭിയാന്‍ എന്ന പേരിലുള്ള പ്രചാരണ ക്യാമ്പയിനാണ് ഒടുവില്‍ പാര്‍ട്ടിയായി മറുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ എട്ടോളം മീറ്റിംഗുകളാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമായി ക്യാമ്പയിനില്‍ പങ്കെടുത്ത 1.5 ലക്ഷത്തോളം പേര്‍ ഇതിന്റെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടല്‍.

ഈ യോഗങ്ങളിലൂടെ പാര്‍ട്ടി രൂപീകരണത്തിന്റെ കാര്യങ്ങളില്‍ അന്തിമതീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ നേതൃത്വം, ഭരണഘടന തയ്യാറാക്കല്‍, പാര്‍ട്ടിയുടെ മുന്‍ഗണനകള്‍ എന്നിവയെല്ലാം ഇതില്‍ ചര്‍ച്ചയാവും.

ALSO RED: പ്രവചന സിംഹം: യോഗേന്ദ്ര യാദവിന്റെത് ശരി; പ്രശാന്ത് കിഷോറിന് അടപടലം തെറ്റി

ജന്‍ സൂരജ് പാര്‍ട്ടിയെ താന്‍ നയിക്കില്ലെന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് നേതാക്കളെ തിരഞ്ഞെടുക്കുമെന്നും കിഷോര്‍ പറഞ്ഞു. ബിഹാറിനു വേണ്ടി, മെച്ചപ്പെട്ട ബദലിനുവേണ്ടി പ്രക്ഷോഭം നടത്തിയവരുമായി സ്വയം അണിനിരന്നവരാണ് നിങ്ങളെന്ന് അണികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് പ്രശാന്ത് കിഷോര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവ ഉള്‍പ്പെടെ ചര്‍ച്ചയാക്കി താഴേക്കിടയിലേക്കുള്ളവരിലേക്ക് ഇറങ്ങി ചെന്നാണ് പ്രശാന്ത് കിഷോര്‍ സംവദിക്കുന്നത്.

2025 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ടു പോയത്. 2025ല്‍ ബിഹാറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പാര്‍ട്ടിയുടെ നേതൃത്വത്തെക്കുറിച്ച് സംസാരിക്കവെ, 25 ഉന്നത പാര്‍ട്ടി സ്ഥാനങ്ങളിലേക്കുള്ള ഏഴംഗ കമ്മിറ്റിയിലേക്ക് ആഗസ്ത് 15 മുതല്‍ ആഗസ്ത് 20 വരെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സമസ്തിപൂരില്‍ നിന്നുള്ള ഡോ ഭൂപേന്ദ്ര യാദവ്, ബെഗുസാരായിയില്‍ നിന്നുള്ള ആര്‍ എന്‍ സിംഗ്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ് ശര്‍മ, സിവാനില്‍ നിന്നുള്ള അഭിഭാഷകന്‍ ഗണേഷ് റാം, കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള ഡോ നസീം, ഭോജ്പൂരില്‍ നിന്നുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് സിംഗ്, മുസാഫര്‍പൂരില്‍ നിന്നുള്ള സ്വര്‍ണലത സാഹ്നി എന്നിവര്‍ സമിതിയില്‍ ഉള്‍പ്പെടുമെന്ന് കിഷോര്‍ പറഞ്ഞു.

അപേക്ഷയില്‍ 5,000 പുതിയ അംഗങ്ങളുടെ ലിസ്റ്റ് ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് മത്സരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.