കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും നാലുപേര്‍ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പ്രഥമിക പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.
|
56 പേരെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ 32 പേര് വാര്‍ഡിലും മൂന്ന് പേര് ഐസിയുവിലും ചികിത്സയിലുണ്ട്. കിന്‍ഡര്‍ ആശുപത്രിയിൽ രണ്ട് പേര് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി ഏഴോടെയാണ് കുസാറ്റിൽ അപകടമുണ്ടായത്. ഗാനമേള നടക്കുന്ന ഓപൺ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് പുറത്തുനിന്ന കുട്ടികൾ ഇരച്ചെത്തിയതോടെ മുന്നിലുണ്ടായിരുന്നവർ പടിക്കെട്ടിലേക്ക് വീഴുകയും പിന്നാലെ വന്നവരെല്ലാം ഇവർക്കു മുകളിലേക്ക് വീണുമാണ് അപകടമുണ്ടായത്.
കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് , ഇലക്ട്രീഷ്യനായ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് കാംപസിൽ പൊതുദർശനത്തിനെത്തിച്ചു. ആൽവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





