06
Oct 2023
Sat
06 Oct 2023 Sat

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ കുലശേഖരം ശ്രീ മൂകാംബിക മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി സ്വയം മരുന്ന് കുത്തി വച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ കേസും സിബിസിഐഡി പൊലീസിന് കൈമാറി. തൂത്തുകുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുഹിര്‍ത (27) ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനായ മധുര സ്വദേശി പരമശിവത്തെ (65) പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ആറിന് വൈകുന്നേരമായിരുന്നു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറുപ്പും പൊലീസ് കൈപ്പറ്റിയിരുന്നു. തന്റെ മരണത്തിന് അധ്യാപകനും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ആണ് കാരണമെന്നും അധ്യാപകനായ പരമശിവം തന്നെ ശാരീരികമായി പീഡിപ്പിക്കുകയും സീനിയര്‍ വിദ്യാര്‍ത്ഥികളായ ഹരീഷും പ്രീതിയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായിട്ടാണ് കുറുപ്പില്‍ എഴുതിയിരുന്നത്.

മരുന്ന് സ്വയം കുത്തി വച്ചാണ് സുഹിര്‍ത ജീവനൊടുക്കിയത്. സുഹിര്‍ത ഹോസ്റ്റല്‍ മുറിയിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുലശേഖരം പൊലീസ് സംഭവ സ്ഥലത്ത് എത്തി വാതില്‍ തകര്‍ത്ത് പരിശോധന നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടത്. മരണം നടന്ന് മൂന്നാം ദിവസം പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി പരമശിവത്തെ അറസ്റ്റ് ചെയ്തത്. തക്കല ഡിവൈഎസ്പി ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇതിന് മുമ്പും കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പുറലോകം അറിയാതെ കോളേജ് മാനേജ്‌മെന്റ് ഒതുക്കി തീര്‍ത്തതായാണ് ആക്ഷേപം. ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തില്‍ നിന്നുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് സിബിസിഐഡി ഡിവൈഎസ്പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഒളിവില്‍ പോയ പ്രതികളായ പ്രീതിക്കും ഹരീഷിനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക