‘നോമ്പ് പിടിച്ചിട്ടുണ്ട്, പക്ഷേ മതം മാറിയിട്ടില്ല, ഇപ്പോഴും ഹിന്ദു തന്നെ’: മുസ്തഫയുമായുള്ള വിവാഹത്തിന്റെ ആറാം വാര്‍ഷികത്തില്‍ പ്രിയാമണി
|
കൊച്ചി: തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ താരമാണ് പ്രിയാമണി. ഡാന്‍സും അഭിനയവും റിയാലിറ്റി ഷോകളുമൊക്കെയായി സജീവമാണ് പ്രിയ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹജീവിതം 6ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അവര്‍. മുസ്തഫയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കിട്ടത്. വിവാഹ വാര്‍ഷികത്തില്‍ തെലുഗ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുസ്തഫയുമായുള്ള ബന്ധത്തക്കുറിച്ചും തന്റെ വിശ്വാസത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
കൃത്യമായി നോമ്പെടുക്കുന്നവരാണ് മുസ്തഫയും കുടുംബവും. ഇടയ്ക്ക് ഞാനും അവരോടൊപ്പം കൂടിയിരുന്നു. നോമ്പെടുത്തുവെന്ന് കരുതി ഞാന്‍ മതം മാറിയെന്ന് ആരും കരുതരുത്. ഞാനിപ്പോഴും ഹിന്ദുവാണ്. എനിക്കും നോമ്പെടുക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ച് അവരോടൊപ്പം കൂടുകയായിരുന്നുവെന്നും നടി പറഞ്ഞു.
അവരുടെ വാക്കുകള്‍:
”അപൂര്‍വമായി ഞാന്‍ നോമ്പെടുത്തിട്ടുണ്ട്. പൊതുവെ എനിക്ക് അതില്‍ വിശ്വാസമില്ലെങ്കിലും അല്‍പംമുന്‍പ് ഒരു ദിവസം പൂര്‍ണമായി ഞാന്‍ നോമ്പുനോറ്റു. ആശുറാ(ഇസ്‌ലാമിക വിശ്വാസപ്രകാരം വിശിഷ്ട ദിനങ്ങളിലൊന്ന്) ദിനത്തിലായിരുന്നു അത്. ഭര്‍ത്താവും കുടുംബവും അന്ന് നോമ്പെടുക്കുന്നുണ്ടായിരുന്നു.”അവര്‍ പറഞ്ഞു.”ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണെന്നും മതം മാറിയിട്ടില്ലെന്നും ഇതോടൊപ്പം അറിയിക്കുന്നു. പക്ഷെ, നോമ്പിന്റെ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. മൗലാനാ ഹുസൈന്‍(പ്രവാചകന്റെ പൗത്രന്‍) രക്തസാക്ഷിയായ ദിവസമായിരുന്നു അത്. അതുകൊണ്ട് തങ്ങള്‍ നോമ്പെടുക്കുകയാണെന്നു ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഞാനും എടുത്തോട്ടേ എന്നു ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അന്നു വൈകീട്ട് 4.30യ്ക്ക് ഗ്രീന്‍ ടീയും പഴങ്ങളും കഴിച്ചാണ് ഞാന്‍ നോമ്പുതുറന്നത്. പിന്നീട് മഗ്രിബിനുശേഷം ഏഴു മണിയോടെയാണ് ഇഡ്ഡലിയോ അങ്ങനെ എന്തോ ഭക്ഷണം കഴിക്കുന്നത്. നോമ്പെടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. നോമ്പെടുക്കുന്ന ലോകത്തെങ്ങുമുള്ള മുസ്‌ലിംകളോട് എനിക്ക് ആദരവുമുണ്ട്.- പ്രിയാമണി പറഞ്ഞു.
സിസിഎല്‍ മാച്ചിനിടയിലാണ് ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫ രാജിനെ പ്രിയാമണി പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മതംമാറാനൊന്നും അദ്ദേഹമോ ബന്ധുക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.


