27
Nov 2024
Thu
27 Nov 2024 Thu
mallikarjun kharge

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ മുസ്ലിം വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി കര്‍ണാടക മന്ത്രിയും മകനുമായ പ്രിയങ്ക് ഖാര്‍ഗെ. വിദ്വേഷ പ്രചാരണം ഒഴിവാക്കി നരേന്ദ്ര മോദിയുടെ ‘നേട്ടങ്ങള്‍’ ഉയര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കൂവെന്ന് പ്രിയങ്ക് യോഗിയോട് ആവശ്യപ്പെട്ടു.
റസാക്കര്‍മാര്‍ ഖാര്‍ഗെയുടെ കുടുംബത്തിനെതിരെ നടത്തിയ അതിക്രമങ്ങളുടെ പഴി മുസ്ലിം സമുദായത്തിന്റെ തലയിലിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ് നൈസാമിനെ അനുകൂലിച്ചിരുന്ന മുസ്ലിംകളാണ് താങ്കളുടെ വീട് ചുട്ടുചാമ്പലാക്കി അമ്മയെയും സഹോദരിയെയുമെല്ലാം കൊലപ്പെടുത്തിയതെന്നും പ്രീണനരാഷ്ട്രീയത്തിനു വേണ്ടി അതു മറച്ചുവയ്ക്കരുതെന്നുമായിരുന്നു യോഗി ഖാര്‍ഗെയെ ലക്ഷ്യമിട്ട് പറഞ്ഞത്. എന്നാല്‍, റസാക്കര്‍മാര്‍ നടത്തിയ കുറ്റത്തിന് മുസ്ലിം സമുദായത്തെ ഒന്നാകെ മോശക്കാരാക്കരുതെന്നും വിദ്വേഷം മറ്റെവിടെയെങ്കിലും ചെലവാക്കൂവെന്നും പ്രിയങ്ക് സോഷ്യല്‍ മീഡിയയിലൂടെ തിരിച്ചടിച്ചു. സ്വന്തം ജീവിതത്തില്‍ നേരിട്ട ദുരന്തം ഖാര്‍ഗെ ഒരിക്കലും രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘1948ല്‍ റസാക്കര്‍മാരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട് അഗ്‌നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരിയുടെയും ജീവനെടുക്കുകയും ചെയ്തത്. അന്നു തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇതിനുശേഷം ഒന്‍പതു തവണ എംഎല്‍എയും രണ്ടു തവണ ലോക്സഭാ-രാജ്യസഭാ എംപിയും കേന്ദ്രമന്ത്രമന്ത്രിയും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവുമെല്ലമായി അദ്ദേഹം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെയൊരു ദുരന്തം നേരിട്ടിട്ടും അതു വച്ചു രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മുതലെടുപ്പ് നടത്തുകയോ ഇരവാദം ഉയര്‍ത്തുകയോ വിദ്വേഷം കൊണ്ടുനടക്കുകയോ ഒന്നും ചെയ്തില്ല അദ്ദേഹം. റസാക്കാര്‍മാരാണ് അതു ചെയ്തത്. മുസ്ലിം സമുദായം ഒന്നായല്ല. എല്ലാ സമുദായത്തിലും മോശക്കാരും തെറ്റ് ചെയ്യുന്നവരുമുണ്ടാകും.’-പ്രിയങ്ക് ചൂണ്ടിക്കാട്ടി.

ഖാര്‍ഗെയെ തുല്യനായി കാണാനാത്ത, മനുഷ്യര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രമാണ് താങ്കളുടേത്. അതു കൊണ്ട് നിങ്ങള്‍ ഉള്‍പ്പെടുന്ന സമുദായം മുഴുവന്‍ മോശക്കാരാകുമോ? അതോ അതു പ്രയോഗവല്‍ക്കിരിക്കുന്നവര്‍ മാത്രമാണോ മോശക്കാര്‍? അദ്ദേഹത്തെ അയിത്തജാതിക്കാരനെന്നും ദലിതെന്നും ചാപ്പയടിച്ചവര്‍ ആരാണ്? വിവേചനപരമായ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നതുകൊണ്ട് ഒരു സമുദായമൊന്നടങ്കം തെറ്റുകാരാകുമോ?-അദ്ദേഹം യോഗിയോട് ചോദിച്ചു.

ബുദ്ധന്റെയും ബസവണ്ണയുടെയും അംബേദ്കറുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സ്വേച്ഛാധിപതികളില്‍നിന്നും താങ്കളൊക്കെ കുത്തിവയ്ക്കുന്ന വിദ്വേഷത്തില്‍നിന്നും ഭരണഘടനയെ സംരക്ഷിക്കാനുമാണ് ഈ 82-ാം വയസിലും ഖാര്‍ഗെ അക്ഷീണം പോരാടുന്നത്. ഉറച്ചബോധ്യത്തോടെ ആ പോരാട്ടം അദ്ദേഹം തുടരുകയും ചെയ്യും. അതുകൊണ്ട് യോഗീ, താങ്കളുടെ വിദ്വേഷം മറ്റെവിടെയെങ്കിലും ചെലവാക്കുക. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും തകര്‍ക്കാന്‍ താങ്കള്‍ക്കാകില്ല. രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി സമൂഹത്തില്‍ വിദ്വേഷവിത്തുകള്‍ വിതക്കാതെ നരേന്ദ്ര മോദിയുടെ ‘നേട്ടങ്ങള്‍’ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കണമെന്നും പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു.