ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയുടെ നിയമ ബിരുദ കോഴ്സില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു.(Proposal to include Manusmriti in Delhi University law degree course; VC backed down after massive protest ) വലിയ പ്രതിഷേധം ഉയര്‍ന്നതോടെ, സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്തണമെന്ന കോഴ്‌സ് കമ്മറ്റി ഫാക്കല്‍റ്റിയുടെ നിര്‍ദേശം തള്ളിയതായി ഡല്‍ഹി സര്‍വകലാശാല വി.സി യോഗേഷ് സിങ് വ്യക്തമാക്കി. ഒന്നാം സെമസ്റ്ററിലെ ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായി മനുസ്മൃതി പഠിപ്പിക്കണമെന്ന് ജൂണ്‍ 24ന് നടന്ന ഫാക്കല്‍റ്റി യോഗമാണ് നിര്‍ദേശിച്ചത്.
|
ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശിപാര്‍ശ അക്കാദമിക് കൗണ്‍സില്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിര്‍ദേശം തള്ളിയത്. ഒന്നും ആറും സെമസ്റ്റര്‍ എല്‍.എല്‍.ബി കോഴ്‌സിനായിരുന്നു ഈ പുസ്തകം പഠിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
നീക്കത്തിനെതിരെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ശക്തമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും എതിര്‍ക്കുന്ന മനുസ്മൃതി പാഠ്യഭാഗമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാണെന്നും മനുസ്മൃതിയിലെ ആശയങ്ങള്‍ പിന്തിരിപ്പനാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് എതിരാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മേദാതിഥിയുടെ വ്യാഖ്യാനം ചേര്‍ത്ത് ജി.എന്‍ ഝാ തയാറാക്കിയ മനുസ്മൃതി, ടി. കൃഷ്ണസ്വാമി അയ്യരുടെ ‘സ്മൃതിചന്ദ്രിക: മനുസ്മൃതി വ്യാഖ്യാനം’ എന്നിവയാണ് എല്‍.എല്‍.ബി സിലബസില്‍ ഉള്‍പ്പെടുത്താനിരുന്നത്. ഇന്ത്യന്‍ കാഴ്ചപ്പാടുകളും പാഠ്യപദ്ധതിയില്‍ പരിചയപ്പെടുത്തണമെന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇവ സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സര്‍വകലാശാല നിയമ വകുപ്പ് ഡീന്‍ പ്രൊഫസര്‍ അഞ്ജു വാലി ടികൂ ‘ഇന്ത്യന്‍ എക്സ്പ്രസി’നോട് പ്രതികരിച്ചത്. കുട്ടികളുടെ വിശകലനശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 24നു ചേര്‍ന്ന നിയമവകുപ്പ് അധ്യാപകരുടെ യോഗത്തിലാണ് ആദ്യമായി നിര്‍ദേശം വന്നത്. നിര്‍ദേശം യോഗം ഐക്യകണ്ഠമായി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അക്കാദമിക കൗണ്‍സിലിന്റെ അംഗീകാരത്തിനായി ഇതു വിട്ടത്.





