അബഹ (സൗദി അറേബ്യ): സംഘ്പരിവാര്‍ വിരുദ്ധ ചേരി ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ അസീര്‍ റീജിയണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. (Prvasi welfare statement delhi election result)
|
ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി ബിജെപിയാണെന്ന തിരിച്ചറിവോടെ മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ലോക്‌സഭ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയുണ്ടാക്കാന്‍ ഇന്ത്യ മുന്നണിക്ക് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്. ഈ കാര്യത്തില്‍ മുന്‍കൈയ്യെടുക്കേണ്ട കോണ്‍ഗ്രസ് പല സന്ദര്‍ഭങ്ങളിലും ആ ദൗത്യം നിര്‍വ്വഹിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
2024ലെ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ടുപോകാന്‍ ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ക്ക് കഴിയാതെ വരുന്നത് പ്രവാസികള്‍ അടക്കം ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യമാണ്.
തമ്മില്‍ തമ്മില്‍ ദുര്‍ബലമാക്കാതെ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയ മുന്നേറ്റത്തെ പരാജയപ്പെടുത്താനാവില്ല.
സംഘപരിവാറിനെ ശക്തമായി നേരിടാതെ മൃദു സംഘപരിവാര്‍ ലൈനാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഈ നിലപാടുകള്‍ ജനങ്ങളില്‍ സൃഷ്ടിച്ച നിരാശയും അഴിമതി രഹിത രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ആശയാടിത്തറയുടെ അഭാവവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടോ എന്ന ആത്മ പരിശോധന ഈ സന്ദര്‍ഭം ആവശ്യപ്പെടുന്നുണ്ടെന്ന് പ്രമേയം കൂട്ടിച്ചേര്‍ത്തു


