06
Apr 2023
Sat
06 Apr 2023 Sat

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. ആക്രമണത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി മാലിക് പറഞ്ഞു. വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വീഴ്ച മറയ്ക്കാൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പിന്നീട് തിരഞ്ഞെടുപ്പ് നേട്ടത്തിനായി സർക്കാരും ബി ജെ പിയും ഇതിനെ ഉപയോഗപ്പെടുത്തിയതായും സത്യപാൽ മാലിക് വെളിപ്പെടുത്തി. തങ്ങളുടെ വീഴ്ച മറച്ചുവക്കുകയും കുറ്റം പാക്കിസ്ഥാനു മേൽ ചാർത്തുകയും ചെയ്ത് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാൻ തന്നെയായിരുന്നു ശ്രമം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടിരുന്നു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ജവാന്മാർ പോകുന്ന മാർഗം സുരക്ഷിതമാക്കുന്നതിനെ കുറിച്ചും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല.പുൽവാമ ആക്രമണം നടന്നയുടൻ മോദി വിളിച്ചപ്പോൾ ഈ വീഴ്ചകളെ കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ, എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നുമാണ് നിർദേശിച്ചത്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഇതുതന്നെ നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. പാകിസ്താനെ പഴിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറയുന്നു.പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണുണ്ടായത്. 300 കിലോ ആർ.ഡി.എക്‌സ് നിറച്ച വാഹനം പാകിസ്താനിൽനിന്നാണ് എത്തിയത്. ജമ്മു കശ്മീരിലെ വിവിധ ഗ്രാമങ്ങളിലും റോഡുകളിലും അത് സഞ്ചരിച്ചത് 10- 15 ദിവസമാണ്. എന്നിട്ടും കണ്ടുപിടിക്കപ്പെടുകയോ ഒരാളും തിരിച്ചറിയുകയോ ഉണ്ടായില്ലെന്നും സത്യപാൽ മാലിക് കുറ്റപ്പെടുത്തി.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. തുടർന്ന് ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.

സ്വന്തം പാർട്ടിയാണെങ്കിൽ പോലും ബിജെപിക്കും മോദിക്കുമെതിരെ നേരത്തെയും വിമർശനങ്ങളുമായി രംഗത്തെത്തിയ ആളാണ് മുൻ മേഘാലയ ഗവർണർ കൂടിയായ സത്യപാൽ മാലിക്. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തെറ്റായിപോയെന്നും ഉടൻ പുനഃസ്ഥാപിക്കണമെന്നും മാലിക് ആവശ്യപ്പെട്ടിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക