മുംബൈ: പോപുലര്‍ ഫ്രണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് യുവാവിന് പാസ്‌പോര്‍ട്ട് നിഷേധിച്ച നടപടിക്കെതിരേ ബോംബെ ഹൈക്കോടതി ഉത്തരവ്. പൂനെ സ്വദേശി ഇല്യാസ് മുഹമ്മദ് ഗൗസ് മുഅമിന് രണ്ടു വര്‍ഷത്തേക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കാനാണ് കോടതി നിര്‍ദേശം. ( Pune man denied passport for attending PFI presser to get it for two years )
|
10 വര്‍ഷത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നാണ് മുഅ്മിന് വേണ്ടി ഹാജരായ അഡ്വ. താഹിറ ഖുറേഷി, അഡ്വ. മുബീന്‍ സോല്‍ക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹരജിക്കാരന്‍ നിരോധിത സംഘടനയായ സിമിയുടെ സ്ഥാപക അംഗമാണെന്ന് അവകാശപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസ് ഇല്യാസിന് പാസ്‌പോര്‍ട്ട് അനുവദിച്ചാല്‍ അത് വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന വിചിത്ര വാദവും ഉയര്‍ത്തി.
52കാരനായ ഇല്ല്യാസിനെതിരേ 2001ലെ കലാപവുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ ചുമത്തിയിരുന്നു. എന്നാല്‍, എല്ലാ കേസുകളിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ഈ കേസുകളുടെ വിചാരണ നടക്കുന്നതിനിടെ ഇല്ല്യാസ് പാസ്‌പോര്‍ട്ടിനായി കോടതിയെ സമീപിച്ചിരുന്നു.
കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷവും പാസ്‌പോര്ട്ട് നിഷേധിച്ചതോടെയാണ് ഇല്ല്യാസ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഇല്ല്യാസ് നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു എന്ന പൂതിയ ആരോപണവുമായി പോലീസ് എത്തുകയായിരുന്നുവെന്ന് അഡ്വ. സോല്‍ക്കര്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, പത്ര സമ്മേളം നടന്നത് 2022 സപ്തംബര്‍ 22ന് ആണെന്നും പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടത് സപ്തംബര്‍ 27ന് ആണെന്നും സോല്‍ക്കര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇല്യാസിന് പാസ്‌പോര്‍ട്ട് അനുവദിച്ചാല്‍ അദ്ദേഹം ഇന്ത്യ വിടുമെന്നും വീണ്ടും പോപുലര്‍ ഫ്രണ്ടില്‍ ചേരുമെന്നും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രജക്ത ഷിന്‍ഡെ വാദിച്ചു.
എന്‍ഐഎ, എടിഎസ്, ഇഡി എന്നിവയ്‌ക്കെതിരേ നടന്ന പത്ര സമ്മേളനത്തില്‍ ഇല്യാസ് പങ്കെടുത്തുവെന്ന കാര്യം ജസ്റ്റിസുമാരായ മോഹിത് ദേരെ, മഞ്ജുഷ ദേശ്പാണ്ടെ എന്നിവര്‍ സ്ഥിരീകരിച്ചു. വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്ന് ജില്ലാ കലക്ടറേറ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ പരിപാടി നടന്നിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് പോലീസ് ആരോപിക്കുന്ന പ്രതിഷേധ പരിപാടിയില്‍ ഇല്യാസ് പങ്കെടുത്തിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
നിലവില്‍ ഇല്ല്യാസിനെതിരേ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നതിനാല്‍ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് ആവശ്യമായ പോലീസ് ക്ലിയറന്‍സ് നല്‍കാന്‍ കോടതി പൂനെയിലെ ഖദക് പോലീസ് സ്‌റ്റേഷന് നിര്‍ദേശം നല്‍കി.





