15
Dec 2024
Thu
15 Dec 2024 Thu

ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലാകുകയും പൊലിസ് കൂടുതല്‍ നീക്കം തുടങ്ങുകയും ചെയ്തിരിക്കെ, വിവാദത്തില്‍ ഇടപെട്ട് തെലുങ്ക് സിനിമാലോകം. ഇതിന്റെ ഭാഗമായി തെലുങ്ക് സിനിമയിലെ പ്രമുഖര്‍ ഇന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മ്മാതാക്കളായ അല്ലു അരവിന്ദ്, സുരേഷ് ദഗ്ഗുബട്ടി, സുനില്‍ നാരംഗ്, സുപ്രിയ, നാഗ വംശി, പുഷ്പ 2 നിര്‍മ്മാതാക്കളായ നവീന്‍ യെര്‍നേനി, രവിശങ്കര്‍ എന്നിവരും ഉള്‍പ്പെടുന്നു. അഭിനേതാക്കളായ വെങ്കിടേഷ് ദഗ്ഗുബതി, നിതിന്‍, വരുണ്‍ തേജ്, സിദ്ധു ജൊന്നലഗഡ്ഡ, കിരണ്‍ അബ്ബാവരം, ശിവ ബാലാജി എന്നിവര്‍ പങ്കെടുക്കും. സംവിധായകരായ ത്രിവിക്രം ശ്രീനിവാസ്, ഹരീഷ് ശങ്കര്‍, അനില്‍ രവിപുഡി, ബോബി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. നേരത്തെ, തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാനും ജനപ്രിയ നിര്‍മ്മാതാവുമായ ദില്‍ രാജു സര്‍ക്കാരും വ്യവസായവും തമ്മിലുള്ള ‘ആരോഗ്യകരമായ ബന്ധം’ വളര്‍ത്തുന്നതിനായി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡിസംബര്‍ 4 ന് പുഷ്പ 2 പ്രദര്‍ശനത്തിനിടെ 35 കാരിയായ സ്ത്രീ മരിച്ചതിന് ശേഷം തെലുങ്ക് സിനിമകളുടെ ബെനിഫിറ്റ് ഷോകള്‍ അനുവദിക്കില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഈ മാസം 4 നാണ് ഹൈദരാബാദിലെ പ്രശസ്തമായ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ ഒരു സ്ത്രീ മരിക്കുകയും മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അല്ലു അര്‍ജുനെ കാണാനായി ആയിരക്കണക്കിന് ആരാധകരുടെ തിരക്കിനിടയിലാണ് സംഭവം. മകന്‍ പിന്നീടും മരിച്ചു

നടനെതിരെ കഴിഞ്ഞദിവസം പോലിസ് കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ടിരുന്നു. തിക്കും തിരക്കും ഒഴിവാക്കാന്‍ ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും ഇതിനിടെ യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും എന്നിട്ടും നടന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലിസ് പറഞ്ഞു. അല്ലു അര്‍ജുന്‍ ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ അന്നത്തെ രാത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം വാര്‍ത്താസമ്മേളനം നടത്തിയാണ് പൊലിസ് നടനെതിരെ തെളിവുകള്‍ പുറത്തുവിട്ടത്.

തിയറ്ററിലും പുറത്തും നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നാണ് അല്ലു അര്‍ജുന്‍ നല്‍കിയ മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് പറഞ്ഞു. പുറത്തുപോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും താരം പാലിച്ചില്ല. ദുരന്തത്തിനു ശേഷവും നടന്‍ കാണികളെ അഭിവാദ്യം ചെയ്‌തെന്നും ഇതെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലിസ് പറഞ്ഞു.

അതേസമയം, അല്ലു അര്‍ജുന്റെ വസതിയില്‍ ഇന്നലെ ആക്രമണമുണ്ടായി. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് ഒരു കൂട്ടം യുവാക്കള്‍ അതിക്രമിച്ച് കയറുകയും ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയും വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും നടന്‍ പരാതി നല്‍കി. പരാതിയില്‍ എട്ട് പേരെ അറസ്റ്റ്‌ചെയ്തു. മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യം വിളിച്ചാണ് സംഘം അതിക്രമം കാട്ടിയത്. ഉസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയും മരിച്ചു.

Pushpa-2 controversy: Telugu film industry meet Chief Minister