ദോഹ: നയതന്ത്ര ഇടപെടലുകള്‍ക്ക് പേരു കേട്ടവരാണ് ഖത്തര്‍ ഭരണകൂടം. ഏതു വിഷയത്തിലും ഖത്തറിന്റെ മധ്യസ്ഥ, നയതന്ത്ര ഇടപെടലുകള്‍ ലോകം ആശ്രയിക്കുകയാണ്. നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയിലും ഖത്തറാണ് മധ്യസ്ഥനീക്കങ്ങള്‍ക്ക് മുന്നിലുള്ളത്. ഇപ്പോഴിതാ, താലിബാന്‍ ഭരണകൂടം ജയിലിലടച്ച ഓസ്ട്രിയന്‍ പൗരനും ഖത്തറിന്റെ ഇടപെടല്‍മൂലം മോചിതനായിരിക്കുന്നു. അഫ്ഗാനിസ്ഥാനിലായിരുന്ന ഓസ്ട്രിയന്‍ തടവുകാരനെ മോചിപ്പിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആണ് അറിയിച്ചത്. 84 കാരനായ തീവ്ര വലതുപക്ഷപ്രവര്‍ത്തകന്‍ ഹെര്‍ബെര്‍ട്ട് ഫ്രിട്‌സ് ആണ് മോചിതനായത്. ഇയാള്‍ അഫ്ഗാനില്‍നിന്ന് ദോഹയിലെത്തിയതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2021ല്‍ ചാരപ്രവര്‍ത്തനത്തിന്റെ പേരിലാണ് ഫ്രിട്‌സിനെ താലിബാന്‍ ഭരണകൂടം പിടികൂടിയത്. ഓസ്ട്രിയയില്‍ നിരോധിച്ച നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകനാണ് ഫ്രിട്‌സ്.
|
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സഹകരിച്ചതിന് അഫ്ഗാന്‍ സര്‍ക്കാരിന് ഖത്തര്‍ നന്ദി അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ഖുലൈഫി, ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. റിപ്പബ്ലിക് ഓഫ് ഓസ്ട്രിയയുമായി ഖത്തറിന് ശക്തമായ ഉഭയകക്ഷി ബന്ധമുണ്ടെന്നും തടവുകാരന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു.
”വിവിധ സുപ്രധാന വിഷയങ്ങളില്‍ വിശ്വസനീയമായ അന്താരാഷ്ട്ര പങ്കാളിയാണ് ഖത്തര്‍ എന്ന് പ്രാദേശികമായും ആഗോളമായും തെളിയിച്ചിട്ടുണ്ട്. കൂടാതെ മധ്യസ്ഥത, പ്രതിരോധം, നയതന്ത്രം, സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഖത്തര്‍ ഊര്‍ജ്ജവും കഴിവും പ്രയോജനപ്പെടുത്താറുണ്ട്. ഇത് വിദേശ നയത്തിന്റെ അടിസ്ഥാന സ്തംഭവുമാണെന്നും മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
മോചിതനായ ഫ്രിട്്‌സ വൈകാതെ തന്നെ ഓസ്ട്രിയയിലേക്ക് മടങ്ങും.
Qatar announces release of Austrian detainee in Afghanistan


