ദോഹ: സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് പിടിച്ചെടുത്ത ഖത്തര്‍ പോലീസ് നടപടിയില്‍ ഇടപെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.(Qatar police seize Sikh scriptures; Indian Ministry of External Affairs intervened) മതഗ്രന്ഥങ്ങള്‍ പിടിച്ചെടുത്തതില്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി(എസ്ഡിപിസി) പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി ആശങ്ക പ്രകടിപ്പിച്ചതിനെ പിന്നാലെയാണ് മന്ത്രാലയം ഇടപെട്ടത്.
|
ഗുരു ഗ്രന്ഥ സാഹിബ് കോപ്പികള്‍ പിടിച്ചെടുത്ത കാര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് തിരിച്ചു നല്‍കണമെന്ന ആവശ്യം ഖത്തര്‍ അധികാരികള്‍ക്കു മുന്നില്‍ വച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസി സിഖ് സമൂഹവുമായി കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പിടിച്ചെടുത്ത രണ്ടു കോപ്പികളില്‍ ഒരെണ്ണം തിരിച്ചുനല്‍കിയിട്ടുണ്ട്. രണ്ടാമത്തേത് തിരിച്ചുകിട്ടാനുള്ള ശ്രമം പുരോഗിക്കുകയാണെന്നും ജയ്‌സ്വാള്‍ അറിയിച്ചു.
മതഗ്രന്ഥങ്ങള്‍ തിരിച്ചുകിട്ടുന്നതിന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഇടപെടണമെന്ന് എസ്ജിപിസി പ്രസിഡന്റ് ധാമി വ്യാഴാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ ഗ്രന്ഥം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുന്നത് അനാദരവാണെന്നും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഖത്തറില്‍ വച്ച് ഒരു സിഖുകാരനെ ദോഹ പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് വിട്ടയച്ചുവെങ്കിലും പിടിച്ചെടുത്ത ഗുരു ഗ്രന്ഥ സാഹിബിന്റെ രണ്ടു കോപ്പികള്‍ ദോഹ പോലീസ് വിട്ടുകൊടുത്തില്ല. അത് അല്‍ വക്‌റ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു. ബിര്‍കത്ത് അല്‍ അവാമിറിലെ സ്വകാര്യ സ്ഥലത്ത് സിഖ് സമൂഹത്തിലെ മറ്റ് അംഗങ്ങളോടൊപ്പം മത ചടങ്ങുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടതെന്ന് ധാമി പറഞ്ഞു.
ഖത്തറില്‍ ഇസ്ലാം മത ആരാധന മാത്രമേ പൊതുസ്ഥലത്ത് അനുഷ്ടിക്കാന്‍ പാടുള്ളു. ഇതര മതാരാധന പൊതു സ്ഥലത്ത് പാടില്ലെന്നതിനാല്‍ ചട്ടം പാലിച്ചുകൊണ്ട് സ്വകാര്യ സ്ഥലത്താണ് ആരാധന നടത്തിയിരുന്നതെന്ന് ധാമി അവകാശപ്പെട്ടു. മതഗ്രന്ഥങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും നേരത്തേയുണ്ടായിരുന്ന സ്ഥലത്ത് സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





