21
Feb 2024
Sun
21 Feb 2024 Sun

ഖത്തറിന്റെത് തുടര്‍ച്ചയായ രണ്ടാം കിരീടം; നാട്ടിലെ പോരില്‍ ഖത്തറിനെ സഹായിച്ചത് അക്രം അഫീഫിന്റെ ഹാട്രിക് പെനാല്‍റ്റി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: AFC ഏഷ്യന്‍കപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കപ്പില്‍ മുത്തമിട്ട് ഖത്തര്‍. ജോര്‍ദാനെതിരെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ലഭിച്ച മൂന്ന് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ആതിഥേയര്‍ക്ക് തുണയായത്. അട്ടിമറികളിലൂടെ കലാശപ്പോരിനെത്തിയ ജോര്‍ദാന്‍, കരുത്തുറ്റ നിരവധി നീക്കങ്ങള്‍ നടത്തി ഖത്തറിനെ ഞെട്ടിച്ചെങ്കിലും വിജയപ്പടി കയറാനായില്ല. യാസന്‍ അല്‍ നയ്മത്തിലൂടെയാണ് ജോര്‍ദാന്റെ ആശ്വാസ ഗോള്‍.

തുടക്കം മുതല്‍ തന്നെ മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ച്ചവെച്ചത്. 21ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ജോര്‍ദാന്‍ താരം നസീബ്, അക്രം അഫീഫിനെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തു. വാര്‍ പരിശോധനയിലൂടെ പെനാല്‍റ്റിയാണെന്ന് കണ്ടെത്തിയതോടെ കിക്കെടുത്ത അക്രം അഫീഫിന് പിഴച്ചില്ല, 1- 0.

രണ്ടാംപകുതിയിലെ 67ാം മിനിറ്റില്‍ ജോര്‍ദാന്‍ തിരിച്ചെത്തി. യാസന്‍ അല്‍ നയ്മത്തിലൂടെയായിരുന്നു ജോര്‍ദാന്റെ തിരിച്ചടി, 1- 1. പക്ഷേ അഞ്ചു മിനിറ്റായപ്പോഴേക്ക് ജോര്‍ദാന്‍ വീണ്ടും പെനാല്‍റ്റി വഴങ്ങി. ഇത്തവണയും ലക്ഷ്യത്തിലെത്തിച്ചത് അക്രം അഫീഫ് തന്നെയായിരുന്നു. പോസ്റ്റിന്റെ ഇടതു വശത്തേക്ക് ഷോട്ടുതിര്‍ത്തുതന്നെയായിരുന്നു ഇത്തവണത്തെയും ഗോള്‍ നേട്ടം 2- 1.

പെനാല്‍റ്റിയുടെ രൂപത്തില്‍ ഖത്തറിനെ വീണ്ടും ഗോള്‍ തേടിയെത്തി. രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു ഇത്. പോസ്റ്റിന്റെ വലതു മൂലയിലേക്ക് കിക്കെടുത്ത് ഇതും അഫീഫ് ലക്ഷ്യത്തിലെത്തിച്ചു. 3 -1. ഇതോടെ മൂന്ന് പെനാല്‍റ്റികളിലൂടെ അഫീഫ് ഹാട്രിക് നേടി. ഖത്തര്‍ ജയമുറപ്പിക്കുകയും ചെയ്തു.