ന്യൂഡല്‍ഹി: സംഭാലിലെ മസ്ജിദില്‍ നടത്തിയ സര്‍വേക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്നതിനെത്തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പ്രദേശം സന്ദര്‍ശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ആറംഗ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെട്ട സംഘം ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭാലില്‍ എത്തുമെന്നാണ് അറിയിപ്പ്.
|
നവംബര്‍ 24ന് അഞ്ചുപേര്‍ കൊല്ലപ്പെട്ട പ്രദേശങ്ങളാകും സന്ദര്‍ശിക്കുകയെന്ന് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശം. അജയ് റായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച സംഭലിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടി ഓഫിസ് വളഞ്ഞാണ് തടഞ്ഞത്. നേതാക്കളെയാരെയും ഓഫിസില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടയുകയായിരുന്നു. സംഭാലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എം.പിമാരുടെ സംഘത്തെ ഡല്‍ഹി- യു.പി അതിര്‍ത്തിയില്‍വച്ച് തന്നെ തടഞ്ഞിരുന്നു.
സംഭാലില്‍ സന്ദര്‍ശനം നടത്തുന്നതിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയെയും തടയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭാല്‍ ജില്ലാ അതിര്‍ത്തിയില്‍വച്ച് കോണ്‍ഗ്രസ് സംഘത്തെ തടയാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് സംഭലിനു സമീപമുള്ള ബുലന്ദ്ഷഹര്‍, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സംഭല്‍ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പാന്‍സിയ കത്ത് നല്‍കി. ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു.
Rahul Gandhi and Priyanka to visit Sambhal today, violating ban; UP police ready to stop them; Sambhal in national spotlight





