ബിഹാറിലെ ‘മരിച്ച’ വോട്ടര്‍മാര്‍ക്കൊപ്പം ചായ കുടിക്കാന്‍ അപൂര്‍വ്വ അവസരമേകിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏഴ് വോട്ടര്‍മാരാണ് ഇന്നലെ രാഹുലിന്റെ വസതിയിലെത്തിയത്. പ്രത്യേക പുനപ്പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ പേരുകള്‍ ‘മരിച്ചതായി’ പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത കാര്യം അവര്‍ വിശദീകരിച്ചു.
|
രാഘോപൂര്‍ നിവാസികളായ റാമികഭായിറേ, ഹരേന്ദ്ര റേ, ലാലുംനി ദേവി, വാചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരാണ് രാഹുലുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയത്.
”ജീവിതത്തില്‍ രസകരമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ‘മരിച്ചവരുടെ’ കൂടെ ചായ കുടിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈയൊരു അപൂര്‍വ്വ അവസരം തന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി”- രാഹുല്‍ എക്‌സില്‍ കുറിച്ചു.
ഏഴുപേരുമായുള്ള സംഭാഷണത്തിന്റെ നാല് മിനിറ്റ് വീഡിയോയും രാഹുല്‍ പങ്കുവച്ചു. എങ്ങിനെയാണ് ഇലക്ഷന്‍ കമ്മീഷന്‍ തങ്ങളെ ‘കൊന്ന’ കാര്യം അറിഞ്ഞതെന്ന് അവര്‍ വിവരിച്ചു. നീക്കം ചെയ്ത 65 ലക്ഷം പേരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് താന്‍ വിവരമറിഞ്ഞതെന്ന് അവരിലൊരാള്‍ പറഞ്ഞു.
”പക്ഷേ ഞാന്‍ ജീവനോടെയുണ്ട്. അത് പ്രഖ്യാപിക്കാനാണ് ഞാന്‍ വന്നത്. ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തിലുള്ള 50 പേരെ തനിക്ക് അറിയാം”- അദ്ദേഹം രാഹുലിനോട് പറഞ്ഞു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപൂരില്‍ നിന്നുള്ളവരാണ് രാഹുലിനെ സന്ദര്‍ശിക്കാനെത്തിയവര്‍. ഇത്തരത്തില്‍ ആയിരക്കണക്കിന് പേരെ ഈ മണ്ഡലത്തിലെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പുനപ്പരിശോധനയ്ക്കുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടും പലരുടെയും പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറയാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.


