01
Mar 2023
Thu
01 Mar 2023 Thu

അഹമ്മദാബാദ്: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും. സൂറത്ത് ജില്ലാ കോടതിയാണ് രാഹുലിന് ശിക്ഷ വിധിച്ചത്. എന്നാൽ പിന്നാലെ രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ചാണ് രാഹുൽ ജാമ്യം നേടിയത്. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.

എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. ഇതിനെതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് നൽകുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്.

വിധി കേൾക്കാൻ രാഹുൽ കോടതിയിൽ എത്തിയിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസം​ഗത്തിലെ പരാമർശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്കെല്ലാം മോദി എന്ന പേരു എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.