|
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലെയും അമേത്തിയിലെയും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഗാന്ധി കുടുംബം മത്സരിച്ചിരുന്ന ഈ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയെങ്കിലും പ്രഖ്യാപനം വൈകുകയാണ്. രണ്ടിടത്തും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നാണ്. അഞ്ചാംഘട്ടമായ ഈ മാസം 20നാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേത്തിയിലും മത്സരിച്ചിരുന്നുവെങ്കിലും രണ്ടാമത്തെ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ വയനാടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെങ്കിലും അമേത്തിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. സമ്മര്‍ദ്ദത്തിനൊടുവില്‍ രാഹുല്‍ താല്‍പ്പര്യം അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പത്രിക സമര്‍പ്പിക്കാന്‍ തയാറെടുക്കണമെന്ന് യു.പി ഘടകത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റായ്ബറേലിയയെ ഏറെക്കാലം പ്രതിനിധീകരിച്ചിരുന്ന സോണിയാഗാന്ധി ഇത്തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് മണ്ഡലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ഇവിടെ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചതെങ്കിലും അവര്‍ ഇക്കുറി മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഏതുസമയത്തും പ്രഖ്യാപിച്ചേക്കും.
Rahul Likely To Contest LS Polls From Rae Bareli, His Loyalist From Amethi





