ബലാത്സംഗ കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി അന്വേഷണ സംഘം പാലക്കാട്ടെ ഫ്‌ലാറ്റില്‍. ഫ്‌ളാറ്റിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
|
തെളിവെടുപ്പിനായി എഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം സ്വകാര്യ വാഹനത്തില്‍ പാലക്കാട്ട് എത്തിയത്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തുകയാണ്. രാഹുലിന്റെ പിഎമാരുടെ മൊഴിയും ശേഖരിക്കുന്നുണ്ട്.
രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെ ആരെയും തന്റെ ഫോണ്‍ നമ്പറില്‍ നിന്ന് രാഹുല്‍ ബന്ധപ്പെട്ടിട്ടില്ല. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങളെല്ലാം അന്വേണ സംഘം ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്.
അതേ സമയം, ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്കു നല്‍കിയതെന്നാണ് യുവതിയുടെ മൊഴി. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിയ്ക്ക് നല്‍കിയത്. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി പൊലീസിനു മൊഴി നല്‍കി. മരുന്നു കഴിച്ചതിനു പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിനു കൈമാറി.
രാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
യുവതിക്കെതിരേ സൈബര്‍ ആക്രമണം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കടുത്ത സൈബര്‍ ആക്രമണം. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്.
ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റ് ചെയ്യണം എന്നാണ് ഫോട്ടോ സഹിതം വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ആ ആഹ്വാനത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി യുവതിയുടെ ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെട്ടത്. അതേസമയം സൈബര്‍ ആക്രമണത്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.


