കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തില്‍ ഉജ്വല വിജയം നേടി സഭയിലെത്തിയ യുവനേതാവ് എട്ടു മാസം കൊണ്ട് നാണക്കേടിന്റെ പടുകുഴിയില്‍. ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പോലും പുറത്തായിരിക്കുകയാണ് രാഹുല്‍. ഇതോടെ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുലിന്റെ സ്ഥാനം എവിടെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
|
പാര്‍ട്ടി അംഗത്വം ആറു മാസത്തേക്ക് നഷ്ടമായപ്പോഴും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തിന്റെ എം.എല്‍.എയാണ്. ഉടന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചില്ലെങ്കില്‍, സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന നിയമ സഭ സമ്മേളനത്തില്‍ രാഹുല്‍ എന്ത് ചെയ്യുമെന്നാണ് കാത്തിരിക്കുന്ന ചോദ്യം.
അടുത്ത നടപടിയെന്നത് കോണ്‍ഗ്രസ് സഭാ നേതാവ് ഇക്കാര്യം ബോധ്യപ്പെടുത്തി സ്പീക്കര്‍ എ.എന്‍ ഷംസീറിന് കത്ത് നല്‍കുകയാണ്. ഇതുവരെ പാര്‍ട്ടി കത്ത് നല്‍കിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ ഇതുണ്ടാകും. ഇതോടെ സഭയിലെത്തുകയാണെങ്കില്‍ രാഹുലിന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ബ്ലോക്കില്‍ സീറ്റുണ്ടാവില്ല.
സ്വതന്ത്ര എം.എല്‍.എ മാരെ പോലെ പിന്‍നിരയില്‍ ബ്ലോക്കിന് പുറത്തായിരിക്കും ഇരിപ്പിടം. സ്വതന്ത്ര ബ്ലോക്കില്‍ ഇരിപ്പിടം ലഭിച്ചാലും സഭാ ചര്‍ച്ചയില്‍ പാര്‍ട്ടിക്കായി നീക്കിവെക്കുന്ന സമയങ്ങളൊന്നും രാഹുലിന് ഉപയോഗിക്കാന്‍ കഴിയില്ല.
സഭയ്ക്ക് അകത്തും പുറത്തും തീപ്പൊരിയായി വിലസിയ രാഹുലിന്റെ പതനം അതോടെ പൂര്‍ത്തിയാവും. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടി സീറ്റ് ലഭിക്കാതായാല്‍ രാഹുലിന്റെ രാഷ്ട്രീയ ഭാവി കൂടി ചോദ്യ ചിഹ്നമാവും.
അതേസമയം, സഭാ സമ്മേളനത്തിന് എത്താതെ, രാഹുല്‍ അവധിയില്‍ പോകുമെന്നാണ് സുചന. ആരോപണ വിധേയനായ അംഗം സഭയിലെത്തുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയാകുമെന്നതിനാല്‍ സമ്മേളന കാലയളവില്‍ വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. എന്നാല്‍, പാലക്കാട് മണ്ഡലത്തിന്റെ പ്രതിനിധി നിര്‍ജീവമായത് സി.പി.എമ്മും എല്‍.ഡി.എഫും രാഷ്രടീയ ആയുധമാക്കി മാറ്റും.
പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രാഹുലിനോട് കെ.പി.സി.സി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പുറത്താക്കാനും നീക്കമുണ്ട്.
പാര്‍ട്ടി പ്രതിരോധത്തിന് പോലും അവസരം നല്‍കാന്‍ കഴിയാത്ത വിധമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ പുറത്തു വന്നത്. അശ്ലീല സന്ദേശം മുതല്‍ ഭീഷണി ശബ്ദ സന്ദേശം വരെയുള്ള ആരോപണങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി കേരളം കണ്ടത്.
ALSO WATCH
ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്ന് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചു. തുടര്‍ന്നാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് എം.എല്‍.എ സ്ഥാനവും ഒഴിയണമെന്നായി ആവശ്യം.
എന്നാല്‍, രാജി വെക്കുന്നത് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ നയിക്കുമെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിലും ക്ഷീണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള സസ്‌പെന്‍ഷനിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.


