വിവാഹിതയെന്ന് അറിയാതെയാണ് ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുമായി അടുത്തതെന്ന് ജാമ്യ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും ഹരജിയില്‍ പറയുന്നു. വിവാഹിതയാണെന്ന് അറിഞ്ഞതോടെ താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യ ഹരജിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയാല്‍ ജില്ലാ കോടതിയെ സമീപിക്കും.
|
അതേസമയം വിവാഹബന്ധത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ടാണ് 2023 സെപ്റ്റംബര്‍ മുതല്‍ രാഹുല്‍ അടുപ്പം സ്ഥാപിച്ചതെന്ന് കാനഡയില്‍ ജോലി ചെയ്യുന്ന യുവതി ഇമെയില്‍ മുഖേന അയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളെ വേണമെന്നും നല്ലൊരു പിതാവായിരിക്കുമെന്നും സംസാരിച്ചു തുടങ്ങിയ രാഹുല്‍, വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍റൂമില്‍ റൂം ബുക്ക് ചെയ്യാന്‍ തന്നോടു നിര്‍ദേശിച്ചു. ആദ്യമായി നേരില്‍ കണ്ടപ്പോള്‍ മുഖത്തുപോലും നോക്കാതെ രാഹുല്‍ ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കുട്ടികളുണ്ടാകട്ടെ എന്നുപറഞ്ഞായിരുന്നു പീഡനം. മുഖത്തടിക്കുകയും തുപ്പുകയും ശരീരമാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ സ്നേഹം നടിച്ച രാഹുലിനെ യുവതി വിശ്വസിച്ചു. എന്നാല്‍ ഒരു മാസം തികയുംമുന്നേ രാഹുല്‍ മലക്കംമറിഞ്ഞു. മറ്റാരുടെയോ കുഞ്ഞെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. ഡിഎന്‍എ ടെസ്റ്റിന് തയ്യാറെന്ന് രാഹുലിനെ ഫോണ്‍ വഴി അറിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും ബ്ലോക്ക് ചെയ്തിരുന്നു. ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ ഗര്‍ഭമലസി.
ഇതിനിടയില്‍, ചെരുപ്പിനും സണ്‍സ്‌ക്രീനിനും, പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാനെന്ന പേരിലും പലതവണ രാഹുല്‍ പണം വാങ്ങിക്കൊണ്ടിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഫണ്ടിന്റെ പേരിലും പണം വാങ്ങി. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ളാറ്റ് വാങ്ങാന്‍ പണം ചോദിച്ചെങ്കിലും, നല്‍കിയില്ല. രാഹുലുമായുള്ള ബന്ധം ഫെന്നിയെ അറിയിച്ചെന്ന പേരില്‍ അധിക്ഷേപവും അസഭ്യവും പറഞ്ഞു. മറ്റ് പരാതികള്‍ വന്ന ശേഷം, ഇക്കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ബന്ധപ്പെട്ടപ്പോള്‍, സഹോദരിയുടെ വിവാഹം മുടക്കുമെന്നടക്കം രാഹുല്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നെന്നും അതിജീവിത പറയുന്നു. രാഹുലുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും യുവതി പുറത്തുവിട്ടിട്ടുണ്ട്. ഈ ചാറ്റില്‍ ഫ്‌ളാറ്റ് വാങ്ങുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുന്നുണ്ട്.
ALSO READ: ഭര്‍ത്താവിന്റെ കൊലക്കേസില്‍ സാക്ഷിയായ ഭാര്യയെ വെടിവച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





