തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ യുവമുഖം രാഹുല്‍ മാങ്കൂട്ടത്തിലും സി.പി.എമ്മിന്റെ യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 12 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
|
പാലക്കാട് നിന്നും ചരിത്ര വിജയം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയത്. 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്. ഷാപി വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ചേലക്കരയില്‍ 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെ പ്രദീപ് പരാജയപ്പെടുത്തിയത്. 2021 ല്‍ കെ. രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ വിജയിച്ചിരുന്നത്. രാധാകൃഷ്ണന് പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടും ലഭിച്ചപ്പോള്‍, പ്രദീപിന് 41.44 ശതമാനം വോട്ടാണ് ലഭിച്ചത്. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലില്‍ മാങ്കൂട്ടത്തിലിന് സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാകും രാഹുല്‍ നിയമസഭയിലെത്തുക. രാവിലെ എകെജി സെന്ററില്‍ എത്തിയശേഷമാകും യു.ആര്‍ പ്രദീപ് നിയമസഭയിലെത്തുക.
Rahul Mankootathil and UR Pradeep will take oath as MLAs today


