തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതും റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ വരെ ഉയരത്തില്‍ ന്യൂന മര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തിപ്പെടാനുള്ള കാരണം. ശനിയാഴ്ച വരെ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
|
മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ
ഇന്ന് (ഓഗസ്റ്റ് 14)
എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ ഉണ്ടാകുക. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്ും കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
നാളെ (ഓഗസ്റ്റ് 15)
ഇടുക്കി ജില്ലയില്‍ മാത്രമാണ് തീവ്രമഴ പെയ്യുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മറ്റന്നാള്‍ (ഓഗസ്റ്റ് 16)
കോഴിക്കോട്, വയനാട്, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഓഗസ്റ്റ് 17 വരെ മത്സ്യബന്ധനം പാടില്ല
ഇന്ന് മുതല്‍ ഓഗസ്റ്റ് 17 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍, ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. (Rain warning for 4 days; Widespread rain, orange alert in 2 districts today, yellow alert in 10 districts)
ഓഗസ്റ്റ് 17 വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് (ഓഗസ്റ്റ് 13) ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം , മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ , തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നാളെ (ഓഗസ്റ്റ് 14) ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ ഓഗസ്റ്റ് 15 മുതല്‍ 17 വരെ ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലി ദ്വീപ് പ്രദേശം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.





