22
Apr 2025
Thu
22 Apr 2025 Thu

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന് വധശിക്ഷ ലഭിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതി മുമ്പ് മൂന്ന് മൂന്നു കൊലപാതകം നടത്തിയ ആളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ ഉത്തരവ് പറഞ്ഞത്. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

118 സാക്ഷികളില്‍ 96 പേരെയാണ് പ്രോസികൂഷന്‍ വിസ്തരിച്ചത്. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും കോടതിയില്‍ പരിശോധിച്ചിരുന്നു.

2022 ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ചാണ് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപവന്‍ സ്വര്‍ണമാല കവരാനായിരുന്നു കൊലപാതകമെന്നാണ് പ്രോസികൂഷന്‍ കേസ്.

രാജേന്ദ്രന്‍ നേരത്തെ തമിഴ്‌നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയെ കൊലപ്പെടുത്തുന്നത്. പ്രതിയുടെ മുന്‍കാല ചരിത്രം കൂടി പരിഗണിച്ചാണ് പരമാവധി ശിക്ഷ തന്നെ വിധിച്ചത്.

Rajendran, a native of Kanyakumari, Tamil Nadu, sentenced to death in the Vattiyoorkavu Ambalamukku Vinitha murder case