കോട്ടയം: പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തെ ജീവനക്കാരെ രാഖി കെട്ടുന്നതില്‍ നിന്ന് വിലക്കിയെന്നാരോപിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം. (Rakhi tying ceremony banned at NSS headquarters; Cyber attack against Sukumaran Nair) സംഘപരിവാര അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ തെറിവിളി ഉയരുന്നത്. സുകുമാരന്‍ നായരുടെ ചിത്രമടക്കമുള്ള പോസ്റ്ററുകള്‍ ഉപയോഗിച്ചാണ് പ്രതിഷേധം.
|
‘സാഹോദര്യത്തിന്റെ പ്രതീകമായ രാഖി എന്‍.എസ്.എസ്. ഹെഡ് ഓഫീസ് ജീവനക്കാരുടെ കൈകളില്‍ നിന്നഴിച്ചു വലിച്ചെറിഞ്ഞ് സുകുമാരന്‍ നായര്‍’ എന്ന തലക്കെട്ടോടു കൂടിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. ഇത് ചെയ്യാന്‍ സുകുമാരന്‍ നായര്‍ക്ക് എന്താണ് അവകാശമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.
ALSO READ: പോപുലര്‍ ഫ്രണ്ട് നേതാവ് ഒഎംഎ സലാമിന്റെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി
രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിക്കും പെരുന്നയിലെ ആസ്ഥാനത്തുള്ള ജീവനക്കാര്‍ക്കും രാഖി കെട്ടുന്നതിന് വേണ്ടി ആര്‍.എസ്.എസ്. പ്രാന്തിക അധികാരിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയിരുന്നു. എന്നാല്‍, ആര്‍എസ്എസ് പരിപാടി ഓഫിസില്‍ വേണ്ട എന്ന് പറഞ്ഞു സുകുമാരന്‍ നായര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
രാഖിയടക്കമുള്ള അടയാളങ്ങള്‍ ചിലതിന്റെ ചിഹ്‌മാണെന്നും എന്‍.എസ്.എസ് ആസ്ഥാനത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും ജോലി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു എതിര്‍ത്തത്. ആര്‍.എസ്.എസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സുകുമാരന്‍ നായര്‍ ഓഫീസില്‍ നിന്ന് തിരിച്ചയക്കുകയും ചെയ്തു.
എന്നാല്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ സംഘം സുകുമാരന്‍ നായരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ചില ജീവനക്കാരുടെ കൈകളില്‍ കാവി ചരട് കെട്ടി. എന്നാല്‍, ഈ വിവരമറിഞ്ഞ സുകുമാരന്‍ നായര്‍ ഈ ചരട് കെട്ടിക്കൊണ്ട് എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതാണ് സംഘപരിവാര ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായത്. കരയോഗങ്ങളിലും പൊതുയോഗങ്ങളിലും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഈ നിലപാടിനെതിരെ പ്രമേയം പാസാക്കണമെന്നും സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചാരണം നടക്കുന്നുണ്ട്.