|
മാഡ്രിഡ്: സീസണിലെ അവസാന എല്‍ക്ലാസിക്കോയിലും റയല്‍ മഡ്രിഡിനെ തോല്‍പ്പിച്ചതോടെ സ്പാനിഷ് ലീഗായ ലാലിഗയില്‍ കിരീടത്തിലേക്ക് തൊട്ടടുത്തെത്തി ബദ്ധവൈരിയായ ബാഴ്‌സലോണ. സീസണിലെ നാലാമത്തെയും അവസാനത്തേതുമായ എല്‍ ക്ലാസിക്കോയില്‍ റയലിനെ നാണം കെടുത്തുകയായിരുന്നു എഫ്.സി ബാഴ്‌സലോണ. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. സൂപ്പര്‍ താരെ കിലിയന്‍ എംബാപ്പെ ഹാട്രിക്കുമായി തിളങ്ങിയെങ്കിലും അന്‍സലോട്ടിക്കും സംഘത്തിനും ബാഴ്‌സയെ പിടിച്ചുകെട്ടാനായില്ല.
തുടക്കത്തില്‍ തന്നെ രണ്ട് ഗോള്‍നേടി ബാഴ്‌സയെ ഞെട്ടിച്ചാണ് റയല്‍ കളി തുടങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍നേടിയ എംബാപ്പെ 14ാം മിനുട്ടില്‍ റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചു. എന്നാല്‍ ബാഴ്‌സയുടെ ശക്തമായ തിരിച്ചുവരവിനാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
19ാം മിനുട്ടില്‍ എറിക് ഗാര്‍ഷ്യയിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. പിന്നാലെ ലമിന്‍ യമാല്‍ (32), റാഫിഞ്ഞ (34, 45) എന്നിവരും റയല്‍ വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ മേധാവിത്വം ഉറപ്പിച്ചു.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബാഴ്‌സ പ്രതിരോധത്തെ കീഴടക്കാനായില്ല. 70ാം മിനുട്ടില്‍ ഹാട്രിക് പൂര്‍ത്തിയാക്കി എംബാപ്പെ ബാഴ്‌സയുടെ ലീഡ് കുറച്ചു. തുടര്‍ന്ന് ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല.
ജയത്തോടെ ലാലിഗ കിരീടം സ്വന്തമാക്കാന്‍ ഇനി ബാഴ്‌സക്ക് ഒരു ജയം മാത്രം മതി. നിലവില്‍ 35 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുമായി ബാഴ്‌സ പട്ടികയില്‍ ഒന്നാമതാണ്. അത്രയും മത്സരങ്ങളില്‍ റയലിന് 75 പോയിന്റാണുള്ളത്. 35 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള അത്‌ലറ്റിക്കോ ആണ് പട്ടികയില്‍ മൂന്നാമത്.
Real Madrid were also defeated in the final El Clasico of the season | real madrid vs fc barcelona


