28
Jul 2024
Mon
28 Jul 2024 Mon
Nipah Virus Test

കോഴിക്കോട്: നിപ രോഗബാധം ബാധിച്ച് 14 വയസ്സുകാരന്‍ മരിച്ച മലപ്പുറത്തിന് ആശ്വാസവാര്‍ത്ത. ഞായറാഴ്ച്ച ലഭിച്ച ഏഴുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. (Relief for Malappuram; Nipah test results of seven people were negative; 330 people in contact list) രോഗം ബാധിച്ച് മരിച്ച പതിന്നാലുകാരന്റെ കൂട്ടുകാരായ ആറുപേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും നിപയുടെ പല ലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. ഏഴുപേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.

രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്‌കാരം പ്രോട്ടോകോള്‍ പാലിച്ച് നടത്തും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ കൂടുതല്‍ വിവരങ്ങളടങ്ങിയതും കൂടുതല്‍ വ്യക്തതയുമുള്ള റൂട്ട് മാപ് പുറത്തിറക്കും. ഈ റൂട്ട് മാപ് പരിശോധിച്ച ശേഷം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ 307 വീടുകളില്‍ ജൂലായ് 21 ഉച്ചയ്ക്ക് ശേഷം സര്‍വ്വേ നടത്തിയതില്‍ 18 പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആനക്കയത്ത് 310 വീടുകളില്‍ സര്‍വ്വേയില്‍ 10 പനിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവരാരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല.

സ്രവ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് ജൂലായ് ഇന്ന് എത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബിന്റെ സഹകരണത്തോടെ ഈ ലാബ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പ്രോട്ടോകോള്‍ പാലിച്ച്

ജൂലായ് 22ന് നടക്കാനിരിക്കുന്ന പ്ലസ് വണ്‍ അലോട്ട്‌മെന്റ് നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടേ നടത്താവൂ എന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലായി മൂന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. കൃത്യമായ സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക് എന്നിവ ധരിച്ചു കൊണ്ടുമാണ് കുട്ടികളും രക്ഷിതാക്കളും അലോട്ട്‌മെന്റിന് എത്തേണ്ടത്. ആള്‍ക്കൂട്ടം ഉണ്ടാവാത്ത രൂപത്തില്‍ അലോട്ട്‌മെന്റ് ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.